മീഖാ 6:1-8
മീഖാ 6:1-8 MALOVBSI
യഹോവ അരുളിച്ചെയ്യുന്നതു കേൾപ്പിൻ: നീ എഴുന്നേറ്റ് പർവതങ്ങളുടെ മുമ്പാകെ വ്യവഹരിക്ക; കുന്നുകൾ നിന്റെ വാക്ക് കേൾക്കട്ടെ; പർവതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേൾപ്പിൻ! യഹോവയ്ക്കു തന്റെ ജനത്തോട് ഒരു വ്യവഹാരം ഉണ്ട്; അവൻ യിസ്രായേലിനോടു വാദിക്കും. എന്റെ ജനമേ, ഞാൻ നിന്നോട് എന്തു ചെയ്തു? ഏതൊന്നിനാൽ ഞാൻ നിന്നെ മുഷിപ്പിച്ചു? എന്റെ നേരേ സാക്ഷീകരിക്ക. ഞാൻ നിന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്നു നിന്നെ വീണ്ടെടുത്തു, മോശെയെയും അഹരോനെയും മിര്യാമിനെയും നിന്റെ മുമ്പിൽ അയച്ചു. എന്റെ ജനമേ, നിങ്ങൾ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിനു മോവാബ്‍രാജാവായ ബാലാക് ആലോചിച്ചതും ബെയോരിന്റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും ശിത്തീംമുതൽ ഗില്ഗാല് വരെ സംഭവിച്ചതും ഓർക്കുക. എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെന്ന്, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടൂ? ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടുംകൂടെ അവന്റെ സന്നിധിയിൽ ചെല്ലേണമോ? ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിനുവേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിനുവേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ? മനുഷ്യാ, നല്ലത് എന്തെന്ന് അവൻ നിനക്കു കാണിച്ചുതന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്?