YouVersion Logo
Search Icon

മത്തായി 7:9-29

മത്തായി 7:9-29 MALOVBSI

മകൻ അപ്പം ചോദിച്ചാൽ അവനു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ? മീൻ ചോദിച്ചാൽ അവനു പാമ്പിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും! മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നെ. ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ. കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചു കീറുന്ന ചെന്നായ്ക്കൾ ആകുന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും പറിക്കുമാറുണ്ടോ? നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന് ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിനു നല്ല ഫലവും കായ്പാൻ കഴികയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമൊക്കെയും വെട്ടി തീയിൽ ഇടുന്നു. ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും. എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്. കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോട്: ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തുപറയും. ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവനൊക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റ് അടിച്ച് ആ വീട്ടിന്മേൽ അലച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല. എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവനൊക്കെയും മണലിന്മേൽ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റ് അടിച്ച് ആ വീട്ടിന്മേൽ അലച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു. ഈ വചനങ്ങളെ യേശു പറഞ്ഞുതീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു; അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോട് ഉപദേശിച്ചത്.