മത്തായി 5:27-48
മത്തായി 5:27-48 MALOVBSI
വ്യഭിചാരം ചെയ്യരുത് എന്ന് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ട് അവളോടു വ്യഭിചാരം ചെയ്തുപോയി. എന്നാൽ വലങ്കണ്ണു നിനക്ക് ഇടർച്ച വരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്ത് എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നത് നിനക്കു പ്രയോജനമത്രേ. വലങ്കൈ നിനക്ക് ഇടർച്ച വരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്ക് ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു. കള്ളസ്സത്യം ചെയ്യരുത് എന്നും സത്യം ചെയ്തതു കർത്താവിനു നിവർത്തിക്കേണം എന്നും പൂർവന്മാരോട് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: അശേഷം സത്യം ചെയ്യരുത്; സ്വർഗത്തെക്കൊണ്ട് അരുത്, അതു ദൈവത്തിന്റെ സിംഹാസനം; ഭൂമിയെക്കൊണ്ട് അരുത്, അത് അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ട് അരുത്, അതു മഹാരാജാവിന്റെ നഗരം. നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുത്; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ. നിങ്ങളുടെ വാക്ക് ഉവ്വ്, ഉവ്വ് എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു. കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും എന്ന് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: ദുഷ്ടനോട് എതിർക്കരുത്; നിന്നെ വലത്തെ ചെകിട്ടത്ത് അടിക്കുന്നവനു മറ്റേതും തിരിച്ചു കാണിക്ക. നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക. ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബന്ധിച്ചാൽ രണ്ട് അവനോടുകൂടെ പോക. നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായ്പ വാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുത്. കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകയ്ക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിപ്പിൻ; സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനു പുത്രന്മാരായി തീരേണ്ടതിനു തന്നെ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ. നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെതന്നെ ചെയ്യുന്നില്ലയോ? സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെതന്നെ ചെയ്യുന്നില്ലയോ? ആകയാൽ നിങ്ങളുടെ സ്വർഗീയപിതാവ് സൽഗുണപൂർണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണരാകുവിൻ.