മത്തായി 5:21-26
മത്തായി 5:21-26 MALOVBSI
കൊല ചെയ്യരുത് എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവന്മാരോട് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നില്ക്കേണ്ടിവരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും. ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരനു നിന്റെ നേരേ വല്ലതും ഉണ്ടെന്ന് അവിടെവച്ച് ഓർമ വന്നാൽ നിന്റെ വഴിപാട് അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക. നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾത്തന്നെ വേഗത്തിൽ അവനോട് ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപൻ ചേവകനും ഏല്പിച്ചിട്ടു നീ തടവിൽ ആയിപ്പോകും. ഒടുവിലത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു.