മത്തായി 27:1-26
മത്തായി 27:1-26 MALOVBSI
പുലർച്ചയ്ക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ കൂടിവിചാരിച്ചു, അവനെ ബന്ധിച്ചു കൊണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു. അവനെ ശിക്ഷയ്ക്കു വിധിച്ചു എന്ന് അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ട് അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്ന്: ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങൾക്ക് എന്ത്? നീ തന്നെ നോക്കിക്കൊൾക എന്ന് അവർ പറഞ്ഞു. അവൻ ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞ്, ചെന്നു കെട്ടി ഞാന്നു ചത്തുകളഞ്ഞു. മഹാപുരോഹിതന്മാർ ആ വെള്ളിക്കാശ് എടുത്ത് ഇതു രക്തവിലയാകയാൽ ശ്രീഭണ്ഡാരത്തിൽ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ച്, പരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ടു കുശവന്റെ നിലം വാങ്ങി. ആകയാൽ ആ നിലത്തിന് ഇന്നുവരെ രക്തനിലം എന്നു പേർ പറയുന്നു. “യിസ്രായേൽമക്കൾ വിലമതിച്ചവന്റെ വിലയായ മുപ്പതു വെള്ളിക്കാശ് അവർ എടുത്തു, കർത്താവ് എന്നോട് അരുളിച്ചെയ്തതുപോലെ കുശവന്റെ നിലത്തിനുവേണ്ടി കൊടുത്തു” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന് അന്നു നിവൃത്തി വന്നു. എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു; നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; ഞാൻ ആകുന്നു എന്നു യേശു അവനോടു പറഞ്ഞു. മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോട്: ഇവർ നിന്റെ നേരേ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേൾക്കുന്നില്ലയോ എന്നു ചോദിച്ചു. അവൻ ഒരു വാക്കിനും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു. എന്നാൽ ഉത്സവസമയത്തു പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയയ്ക്ക പതിവായിരുന്നു. അന്നു ബറബ്ബാസ് എന്ന ശ്രുതിപ്പെട്ടോരു തടവുകാരൻ ഉണ്ടായിരുന്നു. അവർ കൂടി വന്നപ്പോൾ പീലാത്തൊസ് അവരോട്: ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങൾക്കു വിട്ടുതരേണം എന്നു ചോദിച്ചു. അവർ അസൂയ കൊണ്ടാകുന്നു അവനെ ഏല്പിച്ചത് എന്ന് അവൻ ഗ്രഹിച്ചിരുന്നു. അവൻ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ ആളയച്ചു: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്; അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു. എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു. നാടുവാഴി അവരോട്: ഈ ഇരുവരിൽ ഏവനെ വിട്ടുതരേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിനു ബറബ്ബാസിനെ എന്ന് അവർ പറഞ്ഞു. പീലാത്തൊസ് അവരോട്: എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചതിന്: അവനെ ക്രൂശിക്കേണം എന്ന് എല്ലാവരും പറഞ്ഞു. അവൻ ചെയ്ത ദോഷം എന്ത് എന്ന് അവൻ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്ന് അവർ ഏറ്റവും നിലവിളിച്ചു പറഞ്ഞു. ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടു വെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾതന്നെ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു. അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ എന്നു ജനമൊക്കെയും ഉത്തരം പറഞ്ഞു. അങ്ങനെ അവൻ ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന് ഏല്പിച്ചു.