YouVersion Logo
Search Icon

മത്തായി 20:1-16

മത്തായി 20:1-16 MALOVBSI

സ്വർഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിനു പുലർച്ചയ്ക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം. വേലക്കാരോട് അവൻ ദിവസത്തേക്ക് ഓരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ട്, അവരെ മുന്തിരിത്തോട്ടത്തിൽ അയച്ചു. മൂന്നാം മണി നേരത്തും പുറപ്പെട്ടു, മറ്റു ചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ടു: നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായതു തരാം എന്ന് അവരോടു പറഞ്ഞു; അവർ പോയി. അവൻ ആറാം മണി നേരത്തും ഒമ്പതാം മണിനേരത്തും ചെന്ന് അങ്ങനെ തന്നെ ചെയ്തു. പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലർ നില്ക്കുന്നതു കണ്ടിട്ടു: നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നത് എന്ത് എന്നു ചോദിച്ചു. ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്ന് അവർ പറഞ്ഞപ്പോൾ: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ എന്ന് അവരോടു പറഞ്ഞു. സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ വിചാരകനോട്: വേലക്കാരെ വിളിച്ചു, പിമ്പന്മാർതുടങ്ങി മുമ്പന്മാർവരെ അവർക്കു കൂലി കൊടുക്ക എന്നു പറഞ്ഞു. അങ്ങനെ പതിനൊന്നാം മണി നേരത്തു വന്നവർ ചെന്ന് ഓരോ വെള്ളിക്കാശു വാങ്ങി. മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവർക്കും ഓരോ വെള്ളിക്കാശു കിട്ടി. അതു വാങ്ങീട്ട് അവർ വീട്ടുടയവന്റെ നേരേ പിറുപിറുത്തു: ഈ പിമ്പന്മാർ ഒരുമണി നേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു. അവരിൽ ഒരുത്തനോട് അവൻ ഉത്തരം പറഞ്ഞത്: സ്നേഹിതാ, ഞാൻ നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോട് ഒരു പണം പറഞ്ഞൊത്തില്ലയോ? നിൻറേതു വാങ്ങി പൊയ്ക്കൊൾക; നിനക്കു തന്നതുപോലെ ഈ പിമ്പനും കൊടുപ്പാൻ എനിക്കു മനസ്സ്. എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്‍വാൻ എനിക്കു ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ടു നിന്റെ കണ്ണ് കടിക്കുന്നുവോ? ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും.