YouVersion Logo
Search Icon

മത്തായി 18:23-35

മത്തായി 18:23-35 MALOVBSI

സ്വർഗരാജ്യം തന്റെ ദാസന്മാരുമായി കണക്കു തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം. അവൻ കണക്കു നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്ത് കടമ്പെട്ട ഒരുത്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനു വീട്ടുവാൻ വകയില്ലായ്കയാൽ അവന്റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവനുള്ളതൊക്കെയും വിറ്റു കടം തീർപ്പാൻ കല്പിച്ചു. അതുകൊണ്ട് ആ ദാസൻ വീണ് അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു. അപ്പോൾ ആ ദാസന്റെ യജമാനൻ മനസ്സലിഞ്ഞ് അവനെ വിട്ടയച്ചു കടവും ഇളച്ചുകൊടുത്തു. ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടയ്ക്കു പിടിച്ചു ഞെക്കി: നിന്റെ കടം തീർക്കുക എന്നു പറഞ്ഞു. അവന്റെ കൂട്ടുദാസൻ: എന്നോടു ക്ഷമ തോന്നേണമേ; ഞാൻ തന്നു തീർക്കാം എന്ന് അവനോട് അപേക്ഷിച്ചു. എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്നു കടംവീട്ടുവോളം അവനെ തടവിൽ ആക്കിച്ചു. ഈ സംഭവിച്ചത് അവന്റെ കൂട്ടുദാസന്മാർ കണ്ടിട്ടു വളരെ ദുഃഖിച്ചു, ചെന്നു സംഭവിച്ചത് ഒക്കെയും യജമാനനെ ബോധിപ്പിച്ചു. യജമാനൻ അവനെ വിളിച്ചു: ദുഷ്ടദാസനേ, നീ എന്നോട് അപേക്ഷിക്കയാൽ ഞാൻ ആ കടം ഒക്കെയും ഇളച്ചുതന്നുവല്ലോ. എനിക്കു നിന്നോടു കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോടു കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു. അങ്ങനെ യജമാനൻ കോപിച്ച്, അവൻ കടമൊക്കെയും തീർക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കൈയിൽ ഏല്പിച്ചു. നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവം ക്ഷമിക്കാഞ്ഞാൽ സ്വർഗസ്ഥനായ എന്റെ പിതാവ് അങ്ങനെതന്നെ നിങ്ങളോടും ചെയ്യും.