മത്തായി 14:1-21
മത്തായി 14:1-21 MALOVBSI
ആ കാലത്ത് ഇടപ്രഭുവായ ഹെരോദാവ് യേശുവിന്റെ ശ്രുതി കേട്ടിട്ട്: അവൻ യോഹന്നാൻസ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നത് എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു. ഹെരോദാവ് തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു യോഹന്നാൻ അവനോടു പറഞ്ഞതുകൊണ്ടുതന്നെ, അവനെ പിടിച്ചു കെട്ടി തടവിൽ ആക്കിയിരുന്നു. അവനെ കൊല്ലുവാൻ മനസ്സുണ്ടായിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്ന് എണ്ണുകയാൽ അവരെ ഭയപ്പെട്ടു. എന്നാൽ ഹെരോദാവിന്റെ ജനനദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമധ്യേ നൃത്തംചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു. അതുകൊണ്ട് എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്ന് അവൻ സത്യംചെയ്തു വാക്കുകൊടുത്തു. അവൾ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാൻസ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു പറഞ്ഞു. രാജാവ് ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ച് അതു കൊടുപ്പാൻ കല്പിച്ചു.; ആളയച്ചു തടവിൽ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു. അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു ബാലയ്ക്കു കൊടുത്തു; അവൾ അമ്മയ്ക്കു കൊണ്ടുപോയി കൊടുത്തു. അവന്റെ ശിഷ്യന്മാർ ചെന്ന് ഉടൽ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു. അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകിൽ കയറി നിർജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളിൽനിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്നു. അവൻ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൗഖ്യമാക്കി. വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്ന്: ഈ സ്ഥലം മരുഭൂമിയല്ലോ, നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ കൊള്ളേണ്ടതിനു അവരെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു. യേശു അവരോട്: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞു. അവർ അവനോട്: അഞ്ച് അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്ക് ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു. അത് ഇങ്ങു കൊണ്ടുവരുവിൻ എന്ന് അവൻ പറഞ്ഞു. പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു.; ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്ത്, സ്വർഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.