YouVersion Logo
Search Icon

ലൂക്കൊസ് 9:46-62

ലൂക്കൊസ് 9:46-62 MALOVBSI

അവരിൽവച്ച് ആർ വലിയവൻ എന്ന് ഒരു വാദം അവരുടെ ഇടയിൽ നടന്നു. യേശു അവരുടെ ഹൃദയവിചാരം കണ്ട് ഒരു ശിശുവിനെ എടുത്ത് അരികെ നിറുത്തി: ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; നിങ്ങളെല്ലാവരിലും ചെറിയവനായവൻ അത്രേ വലിയവൻ ആകും എന്ന് അവരോടു പറഞ്ഞു. നാഥാ, ഒരുത്തൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ വിരോധിച്ചു എന്നു യോഹന്നാൻ പറഞ്ഞതിന് യേശു അവനോട്: വിരോധിക്കരുത്; നിങ്ങൾക്കു പ്രതികൂലമല്ലാത്തവൻ നിങ്ങൾക്ക് അനുകൂലമല്ലോ എന്നു പറഞ്ഞു. അവന്റെ ആരോഹണത്തിനുള്ള കാലം തികയാറായപ്പോൾ അവൻ യെരൂശലേമിലേക്കു യാത്രയാവാൻ മനസ്സ് ഉറപ്പിച്ചു തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു. അവർ പോയി അവനായി വട്ടംകൂട്ടേണ്ടതിനു ശമര്യരുടെ ഒരു ഗ്രാമത്തിൽ ചെന്നു. എന്നാൽ അവൻ യെരൂശലേമിലേക്കു പോകുവാൻ ഭാവിച്ചിരിക്കയാൽ അവർ അവനെ കൈക്കൊണ്ടില്ല. അത് അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ട്: കർത്താവേ, [ഏലീയാവു ചെയ്തതുപോലെ] ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു. അവൻ തിരിഞ്ഞ് അവരെ ശാസിച്ചു: [നിങ്ങൾ ഏത് ആത്മാവിന് അധീനർ എന്നു നിങ്ങൾ അറിയുന്നില്ല; മനുഷ്യപുത്രൻ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നത് എന്നു പറഞ്ഞു] അവർ വേറൊരു ഗ്രാമത്തിലേക്കു പോയി. അവർ വഴിപോകുമ്പോൾ ഒരുത്തൻ അവനോട്: നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു. യേശു അവനോട്: കുറുനരികൾക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ട്; മനുഷ്യപുത്രനോ തല ചായിപ്പാൻ സ്ഥലമില്ല എന്നു പറഞ്ഞു. വേറൊരുത്തനോട്: എന്നെ അനുഗമിക്ക എന്നു പറഞ്ഞാറെ അവൻ: ഞാൻ മുമ്പേ പോയി എന്റെ അപ്പനെ കുഴിച്ചിടുവാൻ അനുവാദം തരേണം എന്നു പറഞ്ഞു. അവൻ അവനോട്: മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക എന്നു പറഞ്ഞു. മറ്റൊരുത്തൻ: കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; ആദ്യം എന്റെ വീട്ടിലുള്ളവരോടു യാത്ര പറവാൻ അനുവാദം തരേണം എന്നു പറഞ്ഞു. യേശു അവനോട്: കലപ്പയ്ക്കു കൈ വച്ചശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിനു കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു.

Video for ലൂക്കൊസ് 9:46-62

Free Reading Plans and Devotionals related to ലൂക്കൊസ് 9:46-62