YouVersion Logo
Search Icon

ലൂക്കൊസ് 8:40-56

ലൂക്കൊസ് 8:40-56 MALOVBSI

യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവർ എല്ലാവരും അവനായിട്ട് കാത്തിരിക്കയായിരുന്നു. അപ്പോൾ പള്ളിപ്രമാണിയായ യായീറൊസ് എന്നു പേരുള്ളൊരു മനുഷ്യൻ വന്ന് യേശുവിന്റെ കാൽക്കൽ വീണു. അവന് ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായൊരു മകൾ ഉണ്ടായിരുന്നു; അവൾ മരിപ്പാറായതുകൊണ്ട് തന്റെ വീട്ടിൽ വരേണം എന്ന് അവനോട് അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു. അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതൽ എല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും ആരാലും സൗഖ്യം വരുത്തുവാൻ കഴിയാഞ്ഞവളുമായോരു സ്ത്രീ, പുറകിൽ അടുത്തു ചെന്ന് അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി. എന്നെ തൊട്ടത് ആർ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു. യേശുവോ: ഒരാൾ എന്നെ തൊട്ടു; എങ്കൽനിന്നു ശക്തി പുറപ്പെട്ടതു ഞാൻ അറിഞ്ഞു എന്നു പറഞ്ഞു. താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ടു വിറച്ചുംകൊണ്ടു വന്ന് അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട” സംഗതിയും തൽക്ഷണം സൗഖ്യമായതും സകല ജനവും കേൾക്കെ അറിയിച്ചു. അവൻ അവളോട്: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ പള്ളിപ്രമാണിയുടെ ഒരാൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു. യേശു അതു കേട്ടാറെ: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക; എന്നാൽ അവൾ രക്ഷപെടും എന്ന് അവനോട് ഉത്തരം പറഞ്ഞു. വീട്ടിൽ എത്തിയാറെ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്തു വരുവാൻ സമ്മതിച്ചില്ല. എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോൾ: കരയേണ്ടാ, അവൾ മരിച്ചില്ല, ഉറങ്ങുന്നത്രേ എന്ന് അവൻ പറഞ്ഞു. അവരോ അവൾ മരിച്ചുപോയി എന്ന് അറികകൊണ്ട് അവനെ പരിഹസിച്ചു. എന്നാൽ അവൻ അവളുടെ കൈക്കു പിടിച്ചു; ബാലേ, എഴുന്നേല്ക്ക എന്ന് അവളോട് ഉറക്കെ പറഞ്ഞു. അവളുടെ ആത്മാവ് മടങ്ങിവന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്കു ഭക്ഷണം കൊടുപ്പാൻ അവൻ കല്പിച്ചു. അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചത് ആരോടും പറയരുതെന്ന് അവൻ അവരോട് കല്പിച്ചു.