YouVersion Logo
Search Icon

ലൂക്കൊസ് 5:17-26

ലൂക്കൊസ് 5:17-26 MALOVBSI

അവൻ ഒരു ദിവസം ഉപദേശിക്കുമ്പോൾ ഗലീലയിലും യെഹൂദ്യയിലുമുള്ള സകല ഗ്രാമത്തിൽനിന്നും യെരൂശലേമിൽനിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൗഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു. അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തു കൊണ്ടുവന്നു; അവനെ അകത്തു കൊണ്ടുചെന്ന് അവന്റെ മുമ്പിൽ വയ്പാൻ ശ്രമിച്ചു. പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാൻ വഴി കാണാഞ്ഞിട്ടു പുരമേൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ, ഇറക്കിവച്ചു. അവരുടെ വിശ്വാസം കണ്ടിട്ട് അവൻ: മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി. യേശു അവരുടെ ചിന്തകളെ അറിഞ്ഞ് അവരോട്: നിങ്ങൾ ഹൃദയത്തിൽ ചിന്തിക്കുന്നത് എന്ത്? നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്ന് നിങ്ങൾ അറിയേണ്ടതിന്- അവൻ പക്ഷവാതക്കാരനോട്: എഴുന്നേറ്റ് കിടക്ക എടുത്ത് വീട്ടിലേക്ക് പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു. ഉടനെ അവർ കാൺകെ അവൻ എഴുന്നേറ്റ്, താൻ കിടന്ന കിടക്ക എടുത്തു ദൈവത്തെ മഹത്ത്വീകരിച്ചുംകൊണ്ട് വീട്ടിലേക്കു പോയി. എല്ലാവരും വിസ്മയം പൂണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്ന് നാം അപൂർവകാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു.