ലൂക്കൊസ് 5:1-11
ലൂക്കൊസ് 5:1-11 MALOVBSI
അവൻ ഗന്നേസരെത്ത്തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന് അവനെ തിക്കിക്കൊണ്ടിരിക്കയിൽ രണ്ടു പടക് കരയ്ക്ക് അടുത്തു നില്ക്കുന്നത് അവൻ കണ്ടു; അവയിൽനിന്ന് മീൻപിടിക്കാർ ഇറങ്ങി വല കഴുകുകയായിരുന്നു. ആ പടകുകളിൽ ശിമോനുള്ളതായ ഒന്നിൽ അവൻ കയറി കരയിൽനിന്ന് അല്പം നീക്കേണം എന്ന് അവനോട് അപേക്ഷിച്ചു; അങ്ങനെ അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു. സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമോനോട്: ആഴത്തിലേക്കു നീക്കി മീൻപിടിത്തത്തിനു വല ഇറക്കുവിൻ എന്നു പറഞ്ഞു. അതിനു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിനു ഞാൻ വല ഇറക്കാം എന്ന് ഉത്തരം പറഞ്ഞു. അവർ അങ്ങനെ ചെയ്തപ്പോൾ പെരുത്ത മീൻകൂട്ടം അകപ്പെട്ടു വല കീറാറായി. അവർ മറ്റേ പടകിലുള്ള കൂട്ടാളികൾ വന്നു സഹായിപ്പാൻ അവരെ മാടിവിളിച്ചു. അവർ വന്നു പടകു രണ്ടും മുങ്ങുമാറാകുവോളം നിറച്ചു. ശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാൽക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ട് എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു. അവർക്ക് ഉണ്ടായ മീൻപിടിത്തത്തിൽ അവനും അവനോടുകൂടെയുള്ളവർക്ക് എല്ലാവർക്കും സംഭ്രമം പിടിച്ചിരുന്നു. ശിമോന്റെ കൂട്ടാളികളായ യാക്കോബ്, യോഹന്നാൻ എന്ന സെബെദിമക്കൾക്കും അവ്വണ്ണംതന്നെ. യേശു ശിമോനോട്: ഭയപ്പെടേണ്ടാ, ഇന്നുമുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും എന്നു പറഞ്ഞു. പിന്നെ അവർ പടകുകളെ കരയ്ക്ക് അടുപ്പിച്ചിട്ടു സകലവും വിട്ട് അവനെ അനുഗമിച്ചു.