ലൂക്കൊസ് 22:47-71
ലൂക്കൊസ് 22:47-71 MALOVBSI
അവൻ സംസാരിക്കുമ്പോൾതന്നെ ഇതാ, ഒരു പുരുഷാരം; പന്തിരുവരിൽ ഒരുവനായ യൂദാ അവർക്കു മുൻനടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തു വന്നു. യേശു അവനോട്: യൂദായേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നത് എന്നു പറഞ്ഞു. സംഭവിപ്പാൻ പോകുന്നത് അവന്റെ കൂടെയുള്ളവർ കണ്ടു: കർത്താവേ, ഞങ്ങൾ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു. അവരിൽ ഒരുത്തൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ കാത് അറുത്തു. അപ്പോൾ യേശു: ഇത്രയ്ക്കു വിടുവിൻ എന്നു പറഞ്ഞ് അവന്റെ കാതു തൊട്ടു സൗഖ്യമാക്കി. യേശു തന്റെ നേരേ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരേ എന്നപോലെ നിങ്ങൾ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ? ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരേ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു. അവർ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിൻചെന്നു. അവർ നടുമുറ്റത്തിന്റെ മധ്യേ തീ കത്തിച്ച് ഒന്നിച്ചിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു. അവൻ തീവെട്ടത്തിനടുക്കെ ഇരിക്കുന്നത് ഒരു ബാല്യക്കാരത്തി കണ്ട് അവനെ ഉറ്റുനോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു. അവനോ: സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു. കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവൻ അവനെ കണ്ടു: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു. ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു നിഷ്കർഷിച്ചു പറഞ്ഞു. മനുഷ്യാ, നീ പറയുന്നത് എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾതന്നെ പെട്ടെന്ന് കോഴി കൂകി. അപ്പോൾ കർത്താവ് തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകും മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കർത്താവ് തന്നോടു പറഞ്ഞ വാക്ക് പത്രൊസ് ഓർത്തു പുറത്തിറങ്ങി അതിദുഃഖത്തോടെ കരഞ്ഞു. യേശുവിനെ പിടിച്ചവർ അവനെ പരിഹസിച്ചു കണ്ണു കെട്ടി തല്ലി: പ്രവചിക്ക; നിന്നെ അടിച്ചവൻ ആർ എന്നു ചോദിച്ചു. മറ്റു പലതും അവനെ ദുഷിച്ചുപറഞ്ഞു. നേരം വെളുത്തപ്പോൾ ജനത്തിന്റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തിൽ വരുത്തി: നീ ക്രിസ്തു എങ്കിൽ ഞങ്ങളോടു പറക എന്നു പറഞ്ഞു. അവൻ അവരോട്: ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല; ഞാൻ ചോദിച്ചാൽ ഉത്തരം പറകയുമില്ല. എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്ത് ഇരിക്കും എന്നു പറഞ്ഞു. എന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്ന് എല്ലാവരും ചോദിച്ചതിന്: നിങ്ങൾ പറയുന്നത് ശരി; ഞാൻ ആകുന്നു എന്ന് അവൻ പറഞ്ഞു. അപ്പോൾ അവർ ഇനി സാക്ഷ്യംകൊണ്ടു നമുക്ക് എന്ത് ആവശ്യം? നാംതന്നെ അവന്റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു.