ലൂക്കൊസ് 22:21-46
ലൂക്കൊസ് 22:21-46 MALOVBSI
എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്ത് ഉണ്ട്. നിർണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന് അയ്യോ കഷ്ടം എന്നു പറഞ്ഞു. ഇതു ചെയ്‍വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്ന് അവർ തമ്മിൽ തമ്മിൽ ചോദിച്ചുതുടങ്ങി. തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടത് എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി. അവനോ അവരോട് പറഞ്ഞത്: ജാതികളുടെ രാജാക്കന്മാർ അവരിൽ കർത്തൃത്വം നടത്തുന്നു; അവരുടെമേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു. നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ വലിയവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ. ആരാകുന്നു വലിയവൻ? ഭക്ഷണത്തിനിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു. നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ. എന്റെ പിതാവ് എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചുതരുന്നു. നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽഗോത്രം പന്ത്രണ്ടിനെയും ന്യായംവിധിക്കയും ചെയ്യും. ശിമോനേ, ശിമോനേ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിനു കല്പന ചോദിച്ചു. ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കുവേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക. അവൻ അവനോട്: കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. അതിന് അവൻ: പത്രൊസേ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നു വട്ടം തള്ളിപ്പറയുംമുമ്പേ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ അവൻ അവരോട്: ഞാൻ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്: ഒരു കുറവുമുണ്ടായില്ല എന്ന് അവർ പറഞ്ഞു. അവൻ അവരോട്: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അത് എടുക്കട്ടെ; അവ്വണ്ണംതന്നെ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാൾ കൊള്ളട്ടെ. അവനെ അധർമികളുടെ കൂട്ടത്തിൽ എണ്ണി എന്ന് എഴുതിയിരിക്കുന്നതിന് ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന് നിവൃത്തിവരുന്നു എന്നു പറഞ്ഞു. കർത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ട് എന്ന് അവർ പറഞ്ഞതിന്: മതി എന്ന് അവൻ അവരോടു പറഞ്ഞു. പിന്നെ അവൻ പതിവുപോലെ ഒലിവുമലയ്ക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു. ആ സ്ഥലത്ത് എത്തിയപ്പോൾ അവൻ അവരോട്: നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാർഥിപ്പിൻ എന്നു പറഞ്ഞു. താൻ അവരെ വിട്ട് ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി: പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടം അല്ല നിന്റെ ഇഷ്ടംതന്നെ ആകട്ടെ എന്നു പ്രാർഥിച്ചു. അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗത്തിൽനിന്ന് ഒരു ദൂതൻ അവന് പ്രത്യക്ഷനായി . പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർഥിച്ചു; അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി. അവൻ പ്രാർഥന കഴിഞ്ഞ് എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കൽ ചെന്നു, അവർ വിഷാദത്താൽ ഉറങ്ങുന്നതു കണ്ട് അവരോട്: നിങ്ങൾ ഉറങ്ങുന്നത് എന്ത്? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ എഴുന്നേറ്റു പ്രാർഥിപ്പിൻ എന്നു പറഞ്ഞു.