ലൂക്കൊസ് 21:20-38
ലൂക്കൊസ് 21:20-38 MALOVBSI
സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ. അന്ന് യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടു പോകട്ടെ; നാട്ടുമ്പുറങ്ങളിലുള്ളവർ അതിൽ കടക്കരുത്. എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന് ആ നാളുകൾ പ്രതികാരകാലം ആകുന്നു. ആ കാലത്ത് ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! ദേശത്തുവലിയ ഞെരുക്കവും ഈ ജനത്തിന്മേൽ ക്രോധവും ഉണ്ടാകും. അവർ വാളിന്റെ വായ്ത്തലയാൽ വീഴുകയും അവരെ സകല ജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും. സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും; കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്കു നിരാശയോടുകൂടിയ പരിഭ്രമം ഉണ്ടാകും. ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിന് എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തും കൊണ്ടു മനുഷ്യർ നിർജീവന്മാർ ആകും. അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നത് അവർ കാണും. ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പ് അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കുവിൻ. ഒരുപമയും അവരോടു പറഞ്ഞത്: അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ. അവ തളിർക്കുന്നതു നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തിരിക്കുന്നു എന്നു സ്വതവേ അറിയുന്നുവല്ലോ. അവ്വണ്ണംതന്നെ ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ. സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ട് ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കെണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അതു സർവഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും. ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നും പ്രാർഥിച്ചുംകൊണ്ടിരിപ്പിൻ. അവൻ ദിവസേന പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഒലിവുമലയിൽ പോയി പാർക്കും. ജനം എല്ലാം അവന്റെ വചനം കേൾക്കേണ്ടതിന് അതികാലത്തു ദൈവാലയത്തിൽ അവന്റെ അടുക്കൽ ചെല്ലും.