YouVersion Logo
Search Icon

ലൂക്കൊസ് 18:24-43

ലൂക്കൊസ് 18:24-43 MALOVBSI

യേശു അവനെ കണ്ടിട്ട്: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം! ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നത് എളുപ്പം എന്നു പറഞ്ഞു. ഇതു കേട്ടവർ: എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. അതിന് അവൻ: മനുഷ്യരാൽ അസാധ്യമായത് ദൈവത്താൽ സാധ്യമാകുന്നു എന്നു പറഞ്ഞു. ഇതാ ഞങ്ങൾ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു. യേശു അവരോട്: ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ട് ഈ കാലത്തിൽ തന്നെ പല മടങ്ങായും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അനന്തരം അവൻ പന്തിരുവരെ കൂട്ടിക്കൊണ്ട് അവരോട്: ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നത് എല്ലാം നിവൃത്തിയാകും. അവനെ ജാതികൾക്ക് ഏല്പിച്ചുകൊടുക്കയും അവർ അവനെ പരിഹസിച്ച് അവമാനിച്ചു തുപ്പി തല്ലിയിട്ടു കൊല്ലുകയും മൂന്നാംനാൾ അവൻ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും എന്നു പറഞ്ഞു. അവരോ ഇത് ഒന്നും ഗ്രഹിച്ചില്ല; ഈ വാക്ക് അവർക്കു മറവായിരുന്നു; പറഞ്ഞത് അവർ തിരിച്ചറിഞ്ഞതുമില്ല. അവൻ യെരീഹോവിന് അടുത്തപ്പോൾ ഒരു കുരുടൻ ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു. പുരുഷാരം കടന്നുപോകുന്നതു കേട്ടു: ഇതെന്ത് എന്ന് അവൻ ചോദിച്ചു. നസറായനായ യേശു കടന്നുപോകുന്നു എന്ന് അവർ അവനോട് അറിയിച്ചു. അപ്പോൾ അവൻ: യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു. മുൻനടക്കുന്നവർ അവനെ മിണ്ടാതിരിപ്പാൻ ശാസിച്ചു; അവനോ: ദാവീദുപുത്രാ എന്നോടു കരുണ തോന്നേണമേ എന്ന് ഏറ്റവും അധികം നിലവിളിച്ചു. യേശു നിന്ന്, അവനെ തന്റെ അടുക്കൽ കൊണ്ടുവരുവാൻ കല്പിച്ചു. അവൻ അടുക്കെ വന്നപ്പോൾ: ഞാൻ നിനക്ക് എന്തു ചെയ്യേണം എന്നു ചോദിച്ചു. കർത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്ന് അവൻ പറഞ്ഞു. യേശു അവനോട്: കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. ക്ഷണത്തിൽ അവൻ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്ത്വീകരിച്ചുംകൊണ്ട് അവനെ അനുഗമിച്ചു; ജനം എല്ലാം കണ്ടിട്ടു ദൈവത്തിനു പുകഴ്ച കൊടുത്തു.