ലൂക്കൊസ് 18:1-23
ലൂക്കൊസ് 18:1-23 MALOVBSI
മടുത്തുപോകാതെ എപ്പോഴും പ്രാർഥിക്കേണം എന്നുള്ളതിന് അവൻ അവരോട് ഒരുപമ പറഞ്ഞത്: ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു. ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ അവന്റെ അടുക്കൽ ചെന്നു: എന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു. അവനു കുറെ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാൻ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കിൽ അവൾ ഒടുവിൽ വന്ന് എന്നെ മുഖത്തടിക്കും എന്ന് ഉള്ളുകൊണ്ടു പറഞ്ഞു. അനീതിയുള്ള ന്യായാധിപൻ പറയുന്നതു കേൾപ്പിൻ. ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ? വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു കർത്താവ് പറഞ്ഞു. തങ്ങൾ നീതിമാന്മാർ എന്ന് ഉറച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ച് അവൻ ഒരു ഉപമ പറഞ്ഞതെന്തെന്നാൽ: രണ്ടു മനുഷ്യർ പ്രാർഥിപ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ. പരീശൻ നിന്നുകൊണ്ട് തന്നോടുതന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു. ആഴ്ചയിൽ രണ്ടു വട്ടം ഉപവസിക്കുന്നു; നേടുന്നതിലൊക്കെയും പതാരം കൊടുത്തുവരുന്നു എന്നിങ്ങനെ പ്രാർഥിച്ചു. ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു. അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അവൻ തൊടേണ്ടതിനു ചിലർ ശിശുക്കളെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അതു കണ്ട് അവരെ ശാസിച്ചു. യേശുവോ അവരെ അരികത്തു വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേത് ആകുന്നു. ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ഒരു പ്രമാണി അവനോട്: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന് എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന് യേശു: എന്നെ നല്ലവൻ എന്നു പറയുന്നത് എന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. വ്യഭിചാരം ചെയ്യരുത്; കൊല ചെയ്യരുത്; മോഷ്ടിക്കരുത്; കള്ളസ്സാക്ഷ്യം പറയരുത്; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. ഇവയൊക്കെയും ഞാൻ ചെറുപ്പംമുതൽ കാത്തുകൊണ്ടിരിക്കുന്നു എന്ന് അവൻ പറഞ്ഞത് കേട്ടിട്ട് യേശു: ഇനി ഒരു കുറവ് നിനക്കുണ്ട്; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക എന്നു പറഞ്ഞു. അവൻ എത്രയും ധനവാനാകകൊണ്ട് ഇതു കേട്ടിട്ട് അതിദുഃഖിതനായിത്തീർന്നു.