ലൂക്കൊസ് 17:1-19
ലൂക്കൊസ് 17:1-19 MALOVBSI
അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: ഇടർച്ചകൾ വരാതിരിക്കുന്നത് അസാധ്യം; എങ്കിലും അവ വരുത്തുന്നവന് അയ്യോ കഷ്ടം. അവൻ ഈ ചെറിയവരിൽ ഒരുത്തന് ഇടർച്ച വരുത്തുന്നതിനെക്കാൾ ഒരു തിരികല്ല് അവന്റെ കഴുത്തിൽ കെട്ടി അവനെ കടലിൽ എറിഞ്ഞുകളയുന്നത് അവന് നന്ന്. സൂക്ഷിച്ചുകൊൾവിൻ; സഹോദരൻ പിഴച്ചാൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോട് ക്ഷമിക്ക. ദിവസത്തിൽ ഏഴു വട്ടം നിന്നോടു പിഴയ്ക്കയും ഏഴു വട്ടവും നിന്റെ അടുക്കൽ വന്നു: ഞാൻ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താൽ അവനോട് ക്ഷമിക്ക. അപ്പൊസ്തലന്മാർ കർത്താവിനോട്: ഞങ്ങൾക്കു വിശ്വാസം വർധിപ്പിച്ചുതരേണമേ എന്നു പറഞ്ഞു. അതിന് കർത്താവ് പറഞ്ഞത്: നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ കാട്ടത്തിയോട്: വേരോടെ പറിഞ്ഞു കടലിൽ നട്ടുപോക എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും. നിങ്ങളിൽ ആർക്കെങ്കിലും ഉഴുകയോ മേയ്ക്കയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അവൻ വയലിൽനിന്നു വരുമ്പോൾ: നീ ക്ഷണത്തിൽ വന്ന് ഊണിനിരിക്ക എന്ന് അവനോടു പറയുമോ? അല്ല: എനിക്ക് അത്താഴം ഒരുക്കുക; ഞാൻ തിന്നുകുടിച്ചു തീരുവോളം അര കെട്ടി എനിക്കു ശുശ്രൂഷ ചെയ്ക; പിന്നെ നീയും തിന്നുകുടിച്ചുകൊൾക എന്നു പറകയില്ലയോ? തന്നോടു കല്പിച്ചതു ദാസൻ ചെയ്തതുകൊണ്ട് അവന് നന്ദി പറയുമോ? അവ്വണ്ണം നിങ്ങളോടു കല്പിച്ചതൊക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളൂ എന്നു നിങ്ങളും പറവിൻ. അവൻ യെരൂശലേമിലേക്കു യാത്രചെയ്കയിൽ ശമര്യക്കും ഗലീലയ്ക്കും നടുവിൽക്കൂടി കടക്കുമ്പോൾ ഒരു ഗ്രാമത്തിൽ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ അവന് എതിർപെട്ട് അകലെ നിന്നുകൊണ്ട്: യേശൂ, നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്ന് ഉറക്കെ പറഞ്ഞു. അവൻ അവരെ കണ്ടിട്ട്: നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെത്തന്നെ കാണിപ്പിൻ എന്നു പറഞ്ഞു; പോകയിൽതന്നെ അവർ ശുദ്ധരായിത്തീർന്നു. അവരിൽ ഒരുത്തൻ തനിക്കു സൗഖ്യം വന്നതു കണ്ട് ഉച്ചത്തിൽ ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്ന് അവന്റെ കാല്ക്കൽ കവിണ്ണുവീണ് അവനു നന്ദി പറഞ്ഞു; അവനോ ശമര്യക്കാരൻ ആയിരുന്നു. പത്തു പേർ ശുദ്ധരായിത്തീർന്നില്ലയോ? ഒമ്പതു പേർ എവിടെ? ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിനു മഹത്ത്വം കൊടുപ്പാൻ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ എന്നു യേശു പറഞ്ഞിട്ട് അവനോട്: എഴുന്നേറ്റു പൊയ്ക്കൊൾക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.