ലൂക്കൊസ് 12:32-59
ലൂക്കൊസ് 12:32-59 MALOVBSI
ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുത്; നിങ്ങളുടെ പിതാവ് രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു. നിങ്ങൾക്കുള്ളത് വിറ്റു ഭിക്ഷ കൊടുപ്പിൻ; കള്ളൻ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വർഗത്തിൽ, പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്ക് ഉണ്ടാക്കിക്കൊൾവിൻ. നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും. നിങ്ങളുടെ അര കെട്ടിയും വിളക്കു കത്തിയും കൊണ്ടിരിക്കട്ടെ. യജമാനൻ കല്യാണത്തിനു പോയി വന്നു മുട്ടിയാൽ ഉടനെ വാതിൽ തുറന്നുകൊടുക്കേണ്ടതിന് അവൻ എപ്പോൾ മടങ്ങിവരും എന്നു കാത്തുനില്ക്കുന്ന ആളുകളോടു നിങ്ങൾ തുല്യരായിരിപ്പിൻ. യജമാനൻ വരുംനേരം ഉണർന്നിരിക്കുന്നവരായി കാണുന്ന ദാസന്മാർ ഭാഗ്യവാന്മാർ; അവൻ അര കെട്ടി അവരെ ഭക്ഷണത്തിനിരുത്തുകയും വന്ന് അവർക്ക് ശുശ്രൂഷ ചെയ്കയും ചെയ്യും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. അവൻ രണ്ടാം യാമത്തിൽ വന്നാലും മൂന്നാമതിൽ വന്നാലും അങ്ങനെ കണ്ടു എങ്കിൽ അവർ ഭാഗ്യവാന്മാർ. കള്ളൻ ഇന്ന നാഴികയ്ക്കു വരുന്നു എന്നു വീട്ടുടയവൻ അറിഞ്ഞിരുന്നു എങ്കിൽ അവൻ ഉണർന്നിരുന്നു തന്റെ വീടു തുരപ്പാൻ സമ്മതിക്കയില്ല എന്നറിവിൻ. നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിപ്പിൻ. കർത്താവേ, ഈ ഉപമ പറയുന്നത് ഞങ്ങളോടോ എല്ലാവരോടും കൂടെയോ എന്നു പത്രൊസ് ചോദിച്ചതിന് കർത്താവ് പറഞ്ഞത്: തക്കസമയത്ത് ആഹാരവീതം കൊടുക്കേണ്ടതിന് യജമാനൻ തന്റെ വേലക്കാരുടെമേൽ ആക്കുന്ന വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻ ആർ? യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തുകാണുന്ന ദാസൻ ഭാഗ്യവാൻ. അവൻ തനിക്കുള്ള സകലത്തിനും അവനെ വിചാരകനാക്കി വയ്ക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. എന്നാൽ ദാസൻ: യജമാനൻ താമസിച്ചേ വരികയുള്ളൂ എന്നു ഹൃദയത്തിൽ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നു കുടിച്ചു മദിപ്പാനും തുടങ്ങിയാൽ, അവൻ നോക്കിയിരിക്കാത്ത നാളിലും അറിയാത്ത നാഴികയിലും ആ ദാസന്റെ യജമാനൻ വന്ന് അവനെ ദണ്ഡിപ്പിക്കയും അവന് അവിശ്വാസികളോടുകൂടെ പങ്കു കല്പിക്കയും ചെയ്യും. യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ട് ഒരുങ്ങാതെയും അവന്റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന് വളരെ അടി കൊള്ളും. അറിയാതെകണ്ട് അടിക്കു യോഗ്യമായത് ചെയ്തവനോ കുറയ അടി കൊള്ളും; വളരെ ലഭിച്ചവനോട് വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോട് അധികം ചോദിക്കും. ഭൂമിയിൽ തീ ഇടുവാൻ ഞാൻ വന്നിരിക്കുന്നു; അത് ഇപ്പോഴേ കത്തിയെങ്കിൽ കൊള്ളായിരുന്നു എന്നല്ലാതെ ഞാൻ മറ്റെന്ത് ഇച്ഛിക്കേണ്ടൂ? എങ്കിലും എനിക്ക് ഒരു സ്നാനം ഏല്പാൻ ഉണ്ട്; അത് കഴിയുവോളം ഞാൻ എത്ര ഞെരുങ്ങുന്നു. ഭൂമിയിൽ സമാധാനം നല്കുവാൻ ഞാൻ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാൻ അത്രേ എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇനിമേൽ ഒരു വീട്ടിൽ ഇരുവരോടു മൂവരും മൂവരോട് ഇരുവരും ഇങ്ങനെ അഞ്ചുപേർ തമ്മിൽ ഛിദ്രിച്ചിരിക്കും. അപ്പൻ മകനോടും മകൻ അപ്പനോടും അമ്മ മകളോടും മകൾ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകൾ അമ്മാവിയമ്മയോടും ഛിദ്രിച്ചിരിക്കും. പിന്നെ അവൻ പുരുഷാരത്തോടു പറഞ്ഞത്: പടിഞ്ഞാറുനിന്നു മേഘം പൊങ്ങുന്നതു കാണുമ്പോൾ പെരുമഴ വരുന്നു എന്നു നിങ്ങൾ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കയും ചെയ്യുന്നു. തെക്കൻകാറ്റ് ഊതുന്നതു കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അതു സംഭവിക്കയും ചെയ്യുന്നു. കപടഭക്തിക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവത്തെ വിവേചിപ്പാൻ നിങ്ങൾക്ക് അറിയാം; എന്നാൽ ഈ കാലത്തെ വിവേചിപ്പാൻ അറിയാത്തത് എങ്ങനെ? ന്യായമായത് എന്തെന്ന് നിങ്ങൾ സ്വയമായി വിധിക്കാത്തതും എന്ത്? പ്രതിയോഗിയോടുകൂടെ അധികാരിയുടെ അടുക്കൽ പോകുമ്പോൾ വഴിയിൽവച്ച് അവനോട് നിരന്നുകൊൾവാൻ ശ്രമിക്ക; അല്ലാഞ്ഞാൽ അവൻ നിന്നെ ന്യായാധിപന്റെ മുമ്പിൽ ഇഴച്ചുകൊണ്ടു പോകയും ന്യായാധിപൻ നിന്നെ കോല്ക്കാരന്റെ പക്കൽ ഏല്പിക്കയും കോല്ക്കാരൻ തടവിൽ ആക്കുകയും ചെയ്യും. ഒടുക്കത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.