YouVersion Logo
Search Icon

ലൂക്കൊസ് 12:1-31

ലൂക്കൊസ് 12:1-31 MALOVBSI

അതിനിടെ പുരുഷാരം തമ്മിൽ ചവിട്ടുവാൻ തക്കവണ്ണം ആയിരം ആയിരമായി തിങ്ങിക്കൂടിയപ്പോൾ അവൻ ആദ്യം ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിയത്: പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചുകൊൾവിൻ. മൂടിവച്ചത് ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല. ആകയാൽ നിങ്ങൾ ഇരുട്ടത്തു പറഞ്ഞത് എല്ലാം വെളിച്ചത്തു കേൾക്കും; അറകളിൽ വച്ചു ചെവിയിൽ മന്ത്രിച്ചത് പുരമുകളിൽ ഘോഷിക്കും. എന്നാൽ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാൻ പറയുന്നത്: ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്‍വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ. ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. രണ്ടുകാശിന് അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല. നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ. മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പിൽ തള്ളിപ്പറയും. മനുഷ്യപുത്രന്റെ നേരേ ഒരു വാക്ക് പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരേ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ നിങ്ങളെ പള്ളികൾക്കും കോയ്മകൾക്കും അധികാരങ്ങൾക്കും മുമ്പിൽ കൊണ്ടുപോകുമ്പോൾ എങ്ങനെയോ എന്തോ പ്രതിവാദിക്കേണ്ടൂ? എന്തു പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറയേണ്ടത് പരിശുദ്ധാത്മാവ് ആ നാഴികയിൽത്തന്നെ നിങ്ങളെ പഠിപ്പിക്കും. പുരുഷാരത്തിൽ ഒരുത്തൻ അവനോട്: ഗുരോ, ഞാനുമായി അവകാശം പകുതി ചെയ്‍വാൻ എന്റെ സഹോദരനോട് കല്പിച്ചാലും എന്നു പറഞ്ഞു. അവനോട് അവൻ: മനുഷ്യാ, എന്നെ നിങ്ങൾക്കു ന്യായകർത്താവോ പങ്കിടുന്നവനോ ആക്കിയത് ആർ എന്നു ചോദിച്ചു. പിന്നെ അവരോട്: സകല ദ്രവ്യാഗ്രഹവും സൂക്ഷിച്ച് ഒഴിഞ്ഞുകൊൾവിൻ; ഒരുത്തനു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന് ആധാരമായിരിക്കുന്നത് എന്നു പറഞ്ഞു. ഒരുപമയും അവരോട് പറഞ്ഞത്: ധനവാനായൊരു മനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു. അപ്പോൾ അവൻ: ഞാൻ എന്ത് ചെയ്യേണ്ടൂ? എന്റെ വിളവ് കൂട്ടിവയ്പാൻ സ്ഥലം പോരാ എന്ന് ഉള്ളിൽ വിചാരിച്ചു. പിന്നെ അവൻ പറഞ്ഞത്: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ച് അധികം വലിയവ പണിത് എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവയ്ക്കും. എന്നിട്ട് എന്നോടുതന്നെ: നിനക്ക് ഏറിയ ആണ്ടുകൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോട്: മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവച്ചത് ആർക്കാകും എന്നു പറഞ്ഞു. ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കുതന്നെ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു. അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞത്: ആകയാൽ എന്തു തിന്നും എന്നു ജീവനായിക്കൊണ്ടും എന്ത് ഉടുക്കും എന്നു ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുത് എന്നു ഞാൻ നിങ്ങളോടു പറയുന്നു. ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലോ. കാക്കയെ നോക്കുവിൻ; അതു വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അതിനു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലർത്തുന്നു. പറവജാതിയെക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ! പിന്നെ വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തിൽ ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കുകഴിയും? ആകയാൽ ഏറ്റവും ചെറിയതിനുപോലും നിങ്ങൾ പോരാത്തവർ എങ്കിൽ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നത് എന്ത്? താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിൻ; അവ അധ്വാനിക്കുന്നില്ല നൂല്ക്കുന്നതുമില്ല; എന്നാൽ ശലോമോൻപോലും തന്റെ സകല മഹത്ത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം? എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുത്. ഈ വകയൊക്കെയും ലോകജാതികൾ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്ക് ആവശ്യം എന്ന് അറിയുന്നു. അവന്റെ രാജ്യം അന്വേഷിപ്പിൻ; അതോടുകൂടെ നിങ്ങൾക്ക് ഇതും കിട്ടും.