YouVersion Logo
Search Icon

ലൂക്കൊസ് 1:39-56

ലൂക്കൊസ് 1:39-56 MALOVBSI

ആ നാളുകളിൽ മറിയ എഴുന്നേറ്റ് മലനാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു, സെഖര്യാവിന്റെ വീട്ടിൽ എത്തി എലീശബെത്തിനെ വന്ദിച്ചു. മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി, ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭഫലവും അനുഗ്രഹിക്കപ്പെട്ടത്; എന്റെ കർത്താവിന്റെ മാതാവ് എന്റെ അടുക്കൽ വരുന്ന മാനം എനിക്ക് എവിടെനിന്ന് ഉണ്ടായി. നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ടു തുള്ളി. കർത്താവ് തന്നോട് അരുളിച്ചെയ്തതിനു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി. അപ്പോൾ മറിയ പറഞ്ഞത്: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു; എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു. അവൻ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും. ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം തന്നെ. അവനെ ഭയപ്പെടുന്നവർക്ക് അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു. തന്റെ ഭുജംകൊണ്ട് അവൻ ബലം പ്രവർത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു. പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി താണവരെ ഉയർത്തിയിരിക്കുന്നു. വിശന്നിരിക്കുന്നവരെ നന്മകളാൽ നിറച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചുകളഞ്ഞിരിക്കുന്നു. നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ അബ്രാഹാമിനും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്, തന്റെ ദാസനായ യിസ്രായേലിനെ തുണച്ചിരിക്കുന്നു.” മറിയ ഏകദേശം മൂന്നു മാസം അവളോടുകൂടെ പാർത്തിട്ട് വീട്ടിലേക്കു മടങ്ങിപ്പോയി.