YouVersion Logo
Search Icon

ലൂക്കൊസ് 1:21-38

ലൂക്കൊസ് 1:21-38 MALOVBSI

ജനം സെഖര്യാവിനായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ താമസിച്ചതിനാൽ ആശ്ചര്യപ്പെട്ടു. അവൻ പുറത്തുവന്നാറെ അവരോടു സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ടു എന്ന് അവർ അറിഞ്ഞു; അവൻ അവർക്ക് ആംഗ്യം കാട്ടി ഊമനായി പാർത്തു. അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവൻ വീട്ടിലേക്കു പോയി. ആ നാളുകൾ കഴിഞ്ഞിട്ട് അവന്റെ ഭാര്യ എലീശബെത്ത് ഗർഭം ധരിച്ചു: മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവ് എന്നെ കടാക്ഷിച്ച നാളിൽ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞ് അഞ്ചു മാസം ഒളിച്ചുപാർത്തു. ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്ന് ആയിരുന്നു. ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്ന്: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു. അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇത് എന്തൊരു വന്ദനം എന്നു വിചാരിച്ചു. ദൂതൻ അവളോട്: മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും. അവൻ യാക്കോബുഗൃഹത്തിന് എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. മറിയ ദൂതനോട്: ഞാൻ പുരുഷനെ അറിയായ്കയാൽ ഇത് എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. അതിന് ദൂതൻ: പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉദ്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്ക് ഇത് ആറാം മാസം. ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ എന്ന് ഉത്തരം പറഞ്ഞു. അതിനു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.

Video for ലൂക്കൊസ് 1:21-38