YouVersion Logo
Search Icon

ലൂക്കൊസ് 1:1-20

ലൂക്കൊസ് 1:1-20 MALOVBSI

ശ്രീമാനായ തെയോഫിലോസേ, ആദിമുതൽ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവർ നമ്മെ ഭരമേല്പിച്ചതുപോലെ, നമ്മുടെ ഇടയിൽ പൂർണമായി പ്രമാണിച്ചുവരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമപ്പാൻ പലരും തുനിഞ്ഞിരിക്കകൊണ്ട്, നിനക്ക് ഉപദേശം ലഭിച്ചിരിക്കുന്ന വാർത്തയുടെ നിശ്ചയം നീ അറിയേണ്ടതിന് അതു ക്രമമായി എഴുതുന്നതു നന്നെന്ന് ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് എനിക്കും തോന്നിയിരിക്കുന്നു. യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്ത് അബീയാക്കൂറിൽ സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്ക് എലീശബെത്ത് എന്നു പേർ. ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു. എലീശബെത്ത് മച്ചിയാകകൊണ്ട് അവർക്കു സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സുചെന്നവരും ആയിരുന്നു. അവൻ കൂറിന്റെ ക്രമപ്രകാരം ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ: പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്ന് ധൂപം കാട്ടുവാൻ അവനു നറുക്കു വന്നു. ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹമൊക്കെയും പുറത്തു പ്രാർഥിച്ചുകൊണ്ടിരുന്നു. അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നവനായിട്ട് അവന് പ്രത്യക്ഷനായി. സെഖര്യാവ് അവനെ കണ്ടു ഭ്രമിച്ച് ഭയപരവശനായി. ദൂതൻ അവനോടു പറഞ്ഞത്: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർഥനയ്ക്ക് ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും; അവനു യോഹന്നാൻ എന്നു പേർ ഇടേണം. നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും. അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവച്ചു തന്നെ പരിശുദ്ധാത്മാവുകൊണ്ടു നിറയും. അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ട് ഒരുക്കമുള്ളോരു ജനത്തെ കർത്താവിനുവേണ്ടി ഒരുക്കുവാൻ അവനു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടുംകൂടെ നടക്കും. സെഖര്യാവ് ദൂതനോട്; ഇതു ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു. ദൂതൻ അവനോട്: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രീയേൽ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോട് അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു. തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്ക് വിശ്വസിക്കായ്കകൊണ്ട് അതു സംഭവിക്കുംവരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്ന് ഉത്തരം പറഞ്ഞു.