യോശുവ 14:6-12
യോശുവ 14:6-12 MALOVBSI
അനന്തരം യെഹൂദാമക്കൾ ഗില്ഗാലിൽ യോശുവയുടെ അടുക്കൽ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബ് അവനോടു പറഞ്ഞത്: യഹോവ എന്നെയും നിന്നെയും കുറിച്ച് ദൈവപുരുഷനായ മോശെയോട് കാദേശ്-ബർന്നേയയിൽവച്ചു പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ. യഹോവയുടെ ദാസനായ മോശെ കാദേശ്-ബർന്നേയയിൽനിന്ന് ദേശത്തെ ഒറ്റുനോക്കുവാൻ എന്നെ അയച്ചപ്പോൾ എനിക്ക് നാല്പതു വയസ്സായിരുന്നു; ഞാൻ വന്ന് എന്റെ മനോബോധപ്രകാരം അവനോടു മറുപടി പറഞ്ഞു. എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാർ ജനത്തിന്റെ ഹൃദയം ഉരുകുമാറാക്കി; ഞാനോ എന്റെ ദൈവമായ യഹോവയോടു പൂർണമായി പറ്റിനിന്നു. നീ എന്റെ ദൈവമായ യഹോവയോടു പൂർണമായി പറ്റിനിന്നതുകൊണ്ട് നീ കാൽവച്ച ദേശം നിനക്കും നിന്റെ മക്കൾക്കും എന്നേക്കും അവകാശമായിരിക്കും എന്നു മോശെ അന്നു സത്യംചെയ്തു പറഞ്ഞു. മരുഭൂമിയിൽ സഞ്ചരിച്ച കാലത്ത് യഹോവ മോശെയോട് ഈ വാക്കു കല്പിച്ചതു മുതൽ ഈ നാല്പത്തഞ്ചു സംവത്സരത്തോളവും എന്നെ ഇതാ, താൻ അരുളിച്ചെയ്തിരുന്നതുപോലെ ജീവനോടെ വച്ചിരിക്കുന്നു; ഇപ്പോൾ എനിക്ക് എൺപത്തഞ്ചു വയസ്സായി. മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്ക് ആരോഗ്യം ഉണ്ട്; പടവെട്ടുവാനും പോകയും വരികയും ചെയ്വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു. ആകയാൽ യഹോവ അന്നു കല്പിച്ച ഈ മല ഇപ്പോൾ എനിക്കു തരിക; അനാക്യർ അവിടെ ഉണ്ടെന്നും പട്ടണങ്ങൾ വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കിൽ താൻ അരുളിച്ചെയ്തതുപോലെ ഞാൻ അവരെ ഓടിച്ചുകളയും.