യോഹന്നാൻ 7:1-27
യോഹന്നാൻ 7:1-27 MALOVBSI
അതിന്റെശേഷം യേശു ഗലീലയിൽ സഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ടു, യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവനു മനസ്സില്ലായിരുന്നു. എന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുന്നാൾ അടുത്തിരുന്നു. അവന്റെ സഹോദരന്മാർ അവനോട്: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന് ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക. പ്രസിദ്ധൻ ആകുവാൻ ആഗ്രഹിക്കുന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കിൽ ലോകത്തിനു നിന്നെത്തന്നെ വെളിപ്പെടുത്തുക എന്നു പറഞ്ഞു. അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല. യേശു അവരോട്: എന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങൾക്കോ എല്ലായ്പോഴും സമയംതന്നെ. നിങ്ങളെ പകപ്പാൻ ലോകത്തിനു കഴിയുന്നതല്ല; എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ട്, അത് എന്നെ പകയ്ക്കുന്നു. നിങ്ങൾ പെരുന്നാളിനു പോകുവിൻ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാൻ ഈ പെരുന്നാളിന് ഇപ്പോൾ പോകുന്നില്ല; ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയിൽതന്നെ പാർത്തു. അവന്റെ സഹോദരന്മാർ പെരുന്നാളിന് പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തിൽ എന്നപോലെ പോയി. എന്നാൽ യെഹൂദന്മാർ പെരുന്നാളിൽ: അവൻ എവിടെ എന്നു ചോദിച്ച് അവനെ അന്വേഷിച്ചു. പുരുഷാരത്തിൽ അവനെക്കുറിച്ചു വളരെ കുശുകുശുപ്പ് ഉണ്ടായി: അവൻ നല്ലവൻ എന്നു ചിലരും അല്ല, അവൻ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു. എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ട് ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല. പെരുന്നാൾ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തിൽ ചെന്ന് ഉപദേശിച്ചു. വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നത് എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞ് ആശ്ചര്യപ്പെട്ടു. യേശു അവരോട് ഉത്തരം പറഞ്ഞത്: എന്റെ ഉപദേശം എൻറേതല്ല, എന്നെ അയച്ചവൻറേതത്രേ. അവന്റെ ഇഷ്ടം ചെയ്‍വാൻ ഇച്ഛിക്കുന്നവൻ, ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്ന് അറിയും. സ്വയമായി പ്രസ്താവിക്കുന്നവൻ സ്വന്തമഹത്ത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്ത്വം അന്വേഷിക്കുന്നവൻ സത്യവാൻ ആകുന്നു; നീതികേട് അവനിൽ ഇല്ല. മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നത് എന്ത്? അതിനു പുരുഷാരം: നിനക്ക് ഒരു ഭൂതം ഉണ്ട്; ആർ നിന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു? എന്ന് ഉത്തരം പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ ഒരു പ്രവൃത്തി ചെയ്തു; അതിങ്കൽ നിങ്ങൾ എല്ലാവരും ആശ്ചര്യപ്പെടുന്നു. മോശെ നിങ്ങൾക്കു പരിച്ഛേദന നിയമിച്ചിരിക്കയാൽ -അത് മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രേ തുടങ്ങിയത്- നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു. മോശെയുടെ ന്യായപ്രമാണത്തിനു നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ, ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ മുഴുവനും സൗഖ്യമാക്കിയതിനാൽ എന്നോട് ഈർഷ്യപ്പെടുന്നുവോ? കാഴ്ചപ്രകാരം വിധിക്കരുത്; നീതിയുള്ള വിധി വിധിപ്പിൻ. യെരൂശലേമ്യരിൽ ചിലർ: അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോ? അവൻ ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവർ അവനോട് ഒന്നും പറയുന്നില്ല; ഇവൻ ക്രിസ്തു ആകുന്നു എന്നു പ്രമാണികൾ യഥാർഥമായി ഗ്രഹിച്ചുവോ? എങ്കിലും ഇവൻ എവിടെനിന്ന് എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവൻ എവിടെനിന്ന് എന്ന് ആരും അറികയില്ല എന്നു പറഞ്ഞു.