YouVersion Logo
Search Icon

യോഹന്നാൻ 5:1-24

യോഹന്നാൻ 5:1-24 MALOVBSI

അതിന്റെശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ട് യേശു യെരൂശലേമിലേക്കു പോയി. യെരൂശലേമിൽ ആട്ടുവാതിൽക്കൽ ബേഥെസ്ദാ എന്ന് എബ്രായപേരുള്ള ഒരു കുളം ഉണ്ട്; അതിന് അഞ്ചു മണ്ഡപം ഉണ്ട്. അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയൊരു കൂട്ടം [വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു] കിടന്നിരുന്നു. [അതതു സമയത്ത് ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവനു സൗഖ്യം വരും.] എന്നാൽ മുപ്പത്തെട്ട് ആണ്ട് രോഗം പിടിച്ചു കിടന്നൊരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ എന്ന് അവനോടു ചോദിച്ചു. രോഗി അവനോട്: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്ക് ആരും ഇല്ല; ഞാൻ തന്നെ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്ന് ഉത്തരം പറഞ്ഞു. യേശു അവനോട്: എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു. ഉടനെ ആ മനുഷ്യൻ സൗഖ്യമായി കിടക്ക എടുത്തു നടന്നു. എന്നാൽ അന്ന് ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൗഖ്യം പ്രാപിച്ചവനോട്: ഇന്നു ശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു. അവൻ അവരോട്: എന്നെ സൗഖ്യമാക്കിയവൻ: കിടക്ക എടുത്തു നടക്ക എന്ന് എന്നോടു പറഞ്ഞു എന്ന് ഉത്തരം പറഞ്ഞു. അവർ അവനോട്: കിടക്ക എടുത്തു നടക്ക എന്നു നിന്നോടു പറഞ്ഞ മനുഷ്യൻ ആർ എന്നു ചോദിച്ചു. എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ട് അവൻ ആരെന്നു സൗഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല. അനന്തരം യേശു അവനെ ദൈവാലയത്തിൽവച്ചു കണ്ട് അവനോട്: നോക്കൂ, നിനക്കു സൗഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാൻ ഇനി പാപം ചെയ്യരുത് എന്നു പറഞ്ഞു. ആ മനുഷ്യൻ പോയി തന്നെ സൗഖ്യമാക്കിയത് യേശു എന്നു യെഹൂദന്മാരോട് അറിയിച്ചു. യേശു ശബ്ബത്തിൽ അതു ചെയ്കകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു. യേശു അവരോട്: എന്റെ പിതാവ് ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവ് എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചുപോന്നു. ആകയാൽ യേശു അവരോട് ഉത്തരം പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നത് അല്ലാതെ പുത്രനു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല; അവൻ ചെയ്യുന്നത് എല്ലാം പുത്രനും അവ്വണ്ണംതന്നെ ചെയ്യുന്നു. പിതാവ് പുത്രനെ സ്നേഹിക്കയും താൻ ചെയ്യുന്നതൊക്കെയും അവനു കാണിച്ചുകൊടുക്കയും ചെയ്യുന്നു; നിങ്ങൾ ആശ്ചര്യപ്പെടുമാറ് ഇവയിൽ വലിയ പ്രവൃത്തികളും അവനു കാണിച്ചുകൊടുക്കും. പിതാവു മരിച്ചവരെ ഉണർത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താൻ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു. എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിനു പിതാവ് ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രനു കൊടുത്തിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.