യോഹന്നാൻ 4:1-30
യോഹന്നാൻ 4:1-30 MALOVBSI
യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ടു എന്ന് കർത്താവ് അറിഞ്ഞപ്പോൾ- ശിഷ്യന്മാർ അല്ലാതെ, യേശുതന്നെ സ്നാനം കഴിപ്പിച്ചില്ലതാനും- അവൻ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലയ്ക്കു യാത്രയായി. അവൻ ശമര്യയിൽക്കൂടി കടന്നുപോകേണ്ടിവന്നു. അങ്ങനെ അവൻ സുഖാർ എന്നൊരു ശമര്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസേഫിനു കൊടുത്ത നിലത്തിനരികെ എത്തി. അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ട് ഉറവിനരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണി നേരം ആയിരുന്നു. ഒരു ശമര്യസ്ത്രീ വെള്ളംകോരുവാൻ വന്നു; യേശു അവളോട്: എനിക്കു കുടിപ്പാൻ തരുമോ എന്നു ചോദിച്ചു. അവന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു. ശമര്യസ്ത്രീ അവനോട്: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോട് കുടിപ്പാൻ ചോദിക്കുന്നത് എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാർക്കും ശമര്യക്കാർക്കും തമ്മിൽ സമ്പർക്കമില്ല- അതിനു യേശു: നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്ന് ഉത്തരം പറഞ്ഞു. സ്ത്രീ അവനോട്: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറ് ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്ക് എവിടെനിന്ന്? നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറ് ഞങ്ങൾക്കു തന്നത്; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നു എന്നു പറഞ്ഞു. യേശു അവളോട്: ഈ വെള്ളം കുടിക്കുന്നവന് എല്ലാം പിന്നെയും ദാഹിക്കും. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും എന്ന് ഉത്തരം പറഞ്ഞു. സ്ത്രീ അവനോട്: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന് ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു. യേശു അവളോട്: പോയി ഭർത്താവിനെ വിളിച്ചുകൊണ്ടു വരിക എന്നുപറഞ്ഞു. എനിക്കു ഭർത്താവ് ഇല്ല എന്നു സ്ത്രീ അവനോട് ഉത്തരം പറഞ്ഞതിന്: എനിക്കു ഭർത്താവ് ഇല്ല എന്നു നീ പറഞ്ഞത് ശരി. അഞ്ചു ഭർത്താക്കന്മാർ നിനക്ക് ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല; നീ പറഞ്ഞതു സത്യംതന്നെ എന്നു യേശു പറഞ്ഞു. സ്ത്രീ അവനോട്: യജമാനനേ, നീ പ്രവാചകൻ എന്നു ഞാൻ കാണുന്നു. ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ നമസ്കരിച്ചു വന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു എന്നു പറഞ്ഞു. യേശു അവളോട് പറഞ്ഞത്: സ്ത്രീയേ, എന്റെ വാക്ക് വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നത് ഈ മലയിലും അല്ല; യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു. നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു; ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽനിന്നല്ലോ വരുന്നത്. സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നെ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവ് ഇച്ഛിക്കുന്നു. ദൈവം ആത്മാവ് ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. സ്ത്രീ അവനോട്: മശീഹാ- എന്നുവച്ചാൽ ക്രിസ്തു- വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു. യേശു അവളോട്: നിന്നോടു സംസാരിക്കുന്ന ഞാൻതന്നെ മശീഹാ എന്നു പറഞ്ഞു. ഇതിനിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോടു സംസാരിക്കയാൽ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്തു ചോദിക്കുന്നു? അവളോട് എന്തു സംസാരിക്കുന്നു എന്ന് ആരും ചോദിച്ചില്ല. അനന്തരം സ്ത്രീ പാത്രം വച്ചിട്ടു പട്ടണത്തിൽ ചെന്നു ജനങ്ങളോട്: ഞാൻ ചെയ്തതൊക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നു കാൺമിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു. അവർ പട്ടണത്തിൽനിന്നു പുറപ്പെട്ട് അവന്റെ അടുക്കൽ വന്നു.