YouVersion Logo
Search Icon

യോഹന്നാൻ 19:1-22

യോഹന്നാൻ 19:1-22 MALOVBSI

അനന്തരം പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി വാറുകൊണ്ട് അടിപ്പിച്ചു. പടയാളികൾ മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് അവന്റെ തലയിൽ വച്ചു ധൂമ്രവസ്ത്രം ധരിപ്പിച്ചു, അവന്റെ അടുക്കൽ ചെന്നു: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞ് അവനെ കന്നത്തടിച്ചു. പീലാത്തൊസ് പിന്നെയും പുറത്തു വന്നു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല എന്ന് നിങ്ങൾ അറിയേണ്ടതിന് അവനെ നിങ്ങളുടെ അടുക്കൽ ഇതാ, പുറത്തു കൊണ്ടുവരുന്നു എന്നു പറഞ്ഞു. അങ്ങനെ യേശു മുൾക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തുവന്നു. പീലാത്തൊസ് അവരോട്: ആ മനുഷ്യൻ ഇതാ എന്നു പറഞ്ഞു. മഹാപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോൾ: ക്രൂശിക്ക, ക്രൂശിക്ക എന്ന് ആർത്തുവിളിച്ചു. പീലാത്തൊസ് അവരോട്: നിങ്ങൾ അവനെ കൊണ്ടുപോയി ക്രൂശിപ്പിൻ; ഞാനോ അവനിൽ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു. യെഹൂദന്മാർ അവനോട്: ഞങ്ങൾക്ക് ഒരു ന്യായപ്രമാണം ഉണ്ട്; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ട് ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്ന് ഉത്തരം പറഞ്ഞു. ഈ വാക്ക് കേട്ടിട്ടു പീലാത്തൊസ് ഏറ്റവും ഭയപ്പെട്ടു, പിന്നെയും ആസ്ഥാനത്തിൽ ചെന്നു: നീ എവിടെനിന്ന് ആകുന്നു എന്ന് യേശുവിനോട് ചോദിച്ചു. യേശു ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോട്: നീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിപ്പാൻ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാൻ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന് യേശു അവനോട്: മേലിൽനിന്നു നിനക്കു കിട്ടിയിട്ടില്ല എങ്കിൽ എന്റെമേൽ നിനക്ക് ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ട് എന്നെ നിന്റെ പക്കൽ ഏല്പിച്ചവന് അധികം പാപം ഉണ്ട് എന്ന് ഉത്തരം പറഞ്ഞു. ഇതുനിമിത്തം പീലാത്തൊസ് അവനെ വിട്ടയപ്പാൻ ശ്രമിച്ചു; യെഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല; തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്ന് ആർത്തുപറഞ്ഞു. ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായഭാഷയിൽ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നു. അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണി നേരം ആയിരുന്നു. അവൻ യെഹൂദന്മാരോട് ഇതാ നിങ്ങളുടെ രാജാവ് എന്നു പറഞ്ഞു. അവരോ: കൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്ന് നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ എന്ന് പീലാത്തൊസ് അവരോട് ചോദിച്ചു; അതിനു മഹാപുരോഹിതന്മാർ: ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അവൻ അവനെ ക്രൂശിക്കേണ്ടതിന് അവർക്ക് ഏല്പിച്ചുകൊടുത്തു. അവർ യേശുവിനെ കൈയേറ്റു; അവൻ താൻ തന്നെ ക്രൂശിനെ ചുമന്നുകൊണ്ട് എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി. അവിടെ അവർ അവനെയും അവനോടുകൂടെ വേറെ രണ്ട് ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു. പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവ് എന്ന് എഴുതിയിരുന്നു. യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിനു സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്തു വായിച്ചു. അത് എബ്രായ, റോമ, യവന ഭാഷകളിൽ എഴുതിയിരുന്നു. ആകയാൽ യെഹൂദന്മാരുടെ മഹാപുരോഹിതന്മാർ പീലാത്തൊസിനോട്: യെഹൂദന്മാരുടെ രാജാവ് എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവ് എന്ന് അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടത് എന്നു പറഞ്ഞു. അതിന് പീലാത്തൊസ്: ഞാൻ എഴുതിയത് എഴുതി എന്ന് ഉത്തരം പറഞ്ഞു.