YouVersion Logo
Search Icon

യോഹന്നാൻ 13:21-38

യോഹന്നാൻ 13:21-38 MALOVBSI

ഇതു പറഞ്ഞിട്ട് യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു. ഇത് ആരെക്കുറിച്ചു പറയുന്നു എന്ന് ശിഷ്യന്മാർ സംശയിച്ചു തമ്മിൽ തമ്മിൽ നോക്കി. ശിഷ്യന്മാരിൽ വച്ചു യേശു സ്നേഹിച്ച ഒരുത്തൻ യേശുവിന്റെ മാർവിടത്തു ചാരിക്കൊണ്ടിരുന്നു. ശിമോൻ പത്രൊസ് അവനോട് ആംഗ്യം കാട്ടി, അവൻ പറഞ്ഞത് ആരെക്കൊണ്ട് എന്ന് ചോദിപ്പാൻ പറഞ്ഞു. അവൻ യേശുവിന്റെ നെഞ്ചോടു ചാഞ്ഞു: കർത്താവേ, അത് ആർ എന്നു ചോദിച്ചു. ഞാൻ അപ്പഖണ്ഡം മുക്കി കൊടുക്കുന്നവൻതന്നെ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദായ്ക്കു കൊടുത്തു. ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ അവനിൽ കടന്നു. യേശു അവനോട്: നീ ചെയ്യുന്നത് വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു. എന്നാൽ ഇത് ഇന്നതിനെക്കുറിച്ചു പറഞ്ഞുവെന്നു പന്തിയിൽ ഇരുന്നവരിൽ ആരും അറിഞ്ഞില്ല. പണസ്സഞ്ചി യൂദായുടെ പക്കൽ ആകയാൽ പെരുന്നാളിൽ വേണ്ടുന്നതു മേടിപ്പാനോ ദരിദ്രർക്ക് വല്ലതും കൊടുപ്പാനോ യേശു അവനോട് കല്പിക്കുന്നു എന്നു ചിലർക്കു തോന്നി. ഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റ് പോയി, അപ്പോൾ രാത്രി ആയിരുന്നു. അവൻ പോയശേഷം യേശു പറഞ്ഞത്: ഇപ്പോൾ മനുഷ്യപുത്രൻ മഹത്ത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്ത്വപ്പെട്ടിരിക്കുന്നു; ദൈവം അവനിൽ മഹത്ത്വപ്പെട്ടിരിക്കുന്നു എങ്കിൽ ദൈവം അവനെ തന്നിൽതന്നെ മഹത്ത്വപ്പെടുത്തും; ക്ഷണത്തിൽ അവനെ മഹത്ത്വപ്പെടുത്തും. കുഞ്ഞുങ്ങളേ, ഞാൻ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്തു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്ന് ഞാൻ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു. നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്ന് പുതിയൊരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നുതന്നെ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്ന് എല്ലാവരും അറിയും. ശിമോൻപത്രൊസ് അവനോട്: കർത്താവേ, നീ എവിടെ പോകുന്നു എന്നു ചോദിച്ചതിന്: ഞാൻ പോകുന്ന ഇടത്തേക്കു നിനക്ക് ഇപ്പോൾ എന്നെ അനുഗമിപ്പാൻ കഴികയില്ല; പിന്നത്തേതിൽ നീ എന്നെ അനുഗമിക്കും എന്ന് യേശു അവനോട് ഉത്തരം പറഞ്ഞു. പത്രൊസ് അവനോട്: കർത്താവേ, ഇപ്പോൾ എനിക്കു നിന്നെ അനുഗമിപ്പാൻ കഴിയാത്തത് എന്ത്? ഞാൻ എന്റെ ജീവനെ നിനക്കുവേണ്ടി വച്ചുകളയും എന്നു പറഞ്ഞു. അതിന് യേശു: നിന്റെ ജീവനെ എനിക്കുവേണ്ടി വച്ചുകളയുമോ? ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കൂകുകയില്ല എന്ന് ഉത്തരം പറഞ്ഞു.