യിരെമ്യാവ് 1:1-10
യിരെമ്യാവ് 1:1-10 MALOVBSI
ബെന്യാമീൻദേശത്ത് അനാഥോത്തിലെ പുരോഹിതന്മാരിൽ ഹില്ക്കീയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങൾ. അവനു യെഹൂദാരാജാവായി ആമോന്റെ മകനായ യോശീയാവിന്റെ കാലത്ത്, അവന്റെ വാഴ്ചയുടെ പതിമൂന്നാം ആണ്ടിൽ, യഹോവയുടെ അരുളപ്പാടുണ്ടായി. യെഹൂദാരാജാവായി യോശീയാവിന്റെ മകനായ യെഹോയാക്കീമിന്റെ കാലത്തും യെഹൂദാരാജാവായി യോശീയാവിന്റെ മകനായ സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിന്റെ അവസാനംവരെയും അഞ്ചാം മാസത്തിൽ യെരൂശലേമ്യരെ പ്രവാസത്തിലേക്കു കൊണ്ടുപോയതുവരെയും തന്നെ, അങ്ങനെ ഉണ്ടായി. യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: നിന്നെ ഉദരത്തിൽ ഉരുവാക്കിയതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിനുമുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു. എന്നാൽ ഞാൻ: അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ എന്നു പറഞ്ഞു. അതിനു യഹോവ എന്നോട് അരുളിച്ചെയ്തത്: ഞാൻ ബാലൻ എന്നു നീ പറയരുത്; ഞാൻ നിന്നെ അയയ്ക്കുന്ന ഏവരുടെയും അടുക്കൽ നീ പോകയും ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം. നീ അവരെ ഭയപ്പെടരുത്; നിന്നെ വിടുവിക്കേണ്ടതിനു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാട്. പിന്നെ യഹോവ കൈ നീട്ടി എന്റെ വായെ തൊട്ടു: ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു; നോക്കുക; നിർമ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനുംവേണ്ടി ഞാൻ നിന്നെ ഇന്നു ജാതികളുടെ മേലും രാജ്യങ്ങളുടെ മേലും ആക്കിവച്ചിരിക്കുന്നു എന്നു യഹോവ എന്നോടു കല്പിച്ചു.