എബ്രായർ 10:19-39
എബ്രായർ 10:19-39 MALOVBSI
അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽക്കൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി, തന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന് ധൈര്യവും ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ട് നാം ദുർമനസ്സാക്ഷി നീങ്ങുമാറ് ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണനിശ്ചയം പൂണ്ടു പരമാർഥഹൃദയത്തോടെ അടുത്തു ചെല്ലുക. പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ. ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ട് സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അത് അധികമധികമായി ചെയ്യേണ്ടതാകുന്നു. സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളൂ. മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവനു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴി കേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ. ദൈവപുത്രനെ ചവിട്ടിക്കളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷയ്ക്കു പാത്രമാകും എന്ന് വിചാരിപ്പിൻ. “പ്രതികാരം എനിക്കുള്ളത്, ഞാൻ പകരം വീട്ടും” എന്നും “കർത്താവ് തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ. ജീവനുള്ള ദൈവത്തിന്റെ കൈയിൽ വീഴുന്നത് ഭയങ്കരം. എന്നാൽ നിങ്ങൾ പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കൂത്തുകാഴ്ചയായി ഭവിച്ചും ആ വക അനുഭവിക്കുന്നവർക്ക് കൂട്ടാളികളായിത്തീർന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവകാലം ഓർത്തുകൊൾവിൻ. തടവുകാരോടു നിങ്ങൾ സഹതാപം കാണിച്ചതല്ലാതെ സ്വർഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്ത് നിങ്ങൾക്ക് ഉണ്ട് എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ. അതുകൊണ്ടു മഹാപ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുത്. ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണുത നിങ്ങൾക്ക് ആവശ്യം. “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല;” എന്നാൽ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിന്മാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന് അവനിൽ പ്രസാദമില്ല.” നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.