YouVersion Logo
Search Icon

എബ്രായർ 10:1-18

എബ്രായർ 10:1-18 MALOVBSI

ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ലായ്കകൊണ്ട് ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാൽ അടുത്തുവരുന്നവർക്കു സൽഗുണപൂർത്തി വരുത്തുവാൻ ഒരുനാളും കഴിവുള്ളതല്ല. അല്ലെങ്കിൽ ആരാധനക്കാർക്ക് ഒരിക്കൽ ശുദ്ധിവന്നതിന്റെശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നത് നിന്നുപോകയില്ലയോ? ഇപ്പോഴോ ആണ്ടുതോറും അവയാൽ പാപങ്ങളുടെ ഓർമ ഉണ്ടാകുന്നു. കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിനു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല. ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു. സർവാംഗഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല. അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ വരുന്നു” എന്ന് അവൻ പറയുന്നു. ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സർവാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം: ഇതാ, ഞാൻ നിന്റെ ഇഷ്ടം ചെയ്‍വാൻ വരുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ രണ്ടാമത്തേതിനെ സ്ഥാപിപ്പാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു. ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാൻ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടെക്കൂടെ കഴിച്ചുംകൊണ്ടു നില്ക്കുന്നു. യേശുവോ പാപങ്ങൾക്കുവേണ്ടി ഏകയാഗം കഴിച്ചിട്ട് എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരുന്നുകൊണ്ട് തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു. അത് പരിശുദ്ധാത്മാവും നമുക്ക് സാക്ഷീകരിക്കുന്നു. “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാട്” എന്ന് അരുളിച്ചെയ്തശേഷം: “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്ന് അരുളിച്ചെയ്യുന്നു. എന്നാൽ ഇവയുടെ മോചനം ഉള്ളേടത്ത് ഇനിമേൽ പാപങ്ങൾക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല.