ഉൽപത്തി 42:29-36
ഉൽപത്തി 42:29-36 MALOVBSI
അവർ കനാൻദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തിയാറെ, തങ്ങൾക്കു സംഭവിച്ചതൊക്കെയും അവനോട് അറിയിച്ചു പറഞ്ഞത്: ദേശത്തിലെ അധിപതിയായവൻ ഞങ്ങൾ ദേശത്തെ ഒറ്റുനോക്കുന്നവർ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു. ഞങ്ങൾ അവനോട്: ഞങ്ങൾ പരമാർഥികളാകുന്നു, ഞങ്ങൾ ഒറ്റുകാരല്ല. ഞങ്ങൾ ഒരു അപ്പന്റെ മക്കൾ; പന്ത്രണ്ടു സഹോദരന്മാരാകുന്നു; ഒരുത്തൻ ഇപ്പോൾ ഇല്ല; ഇളയവൻ കനാൻദേശത്ത് ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ട് എന്നു പറഞ്ഞു. അതിനു ദേശത്തിലെ അധിപതിയായവൻ ഞങ്ങളോടു പറഞ്ഞത്: നിങ്ങൾ പരമാർഥികൾ എന്നു ഞാൻ ഇതിനാൽ അറിയും: നിങ്ങളുടെ ഒരു സഹോദരനെ എന്റെ അടുക്കൽ വിട്ടേച്ചു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിനു ധാന്യം വാങ്ങി കൊണ്ടുപോകുവിൻ. നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അതിനാൽ നിങ്ങൾ ഒറ്റുകാരല്ല, പരമാർഥികൾ തന്നെ എന്നു ഞാൻ അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങൾക്ക് ഏല്പിച്ചുതരും; നിങ്ങൾക്കു ദേശത്തു വ്യാപാരവും ചെയ്യാം. പിന്നെ അവർ ചാക്ക് ഒഴിക്കുമ്പോൾ ഇതാ, ഓരോരുത്തന്റെ ചാക്കിൽ അവനവന്റെ പണക്കെട്ട് ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ട് കണ്ടാറെ ഭയപ്പെട്ടുപോയി. അവരുടെ അപ്പനായ യാക്കോബ് അവരോട്: നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്കു പ്രതികൂലംതന്നെ എന്നു പറഞ്ഞു.