ഉൽപത്തി 2:1-15
ഉൽപത്തി 2:1-15 MALOVBSI
ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. താൻ ചെയ്ത പ്രവൃത്തിയൊക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകല പ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി. താൻ സൃഷ്‍ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു. യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്‍ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്‍ടിച്ചതിന്റെ ഉൽപത്തി വിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളച്ചിരുന്നതുമില്ല. യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‍വാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. ഭൂമിയിൽനിന്നു മഞ്ഞു പൊങ്ങി, നിലമൊക്കെയും നനച്ചുവന്നു. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു. അനന്തരം യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്‍ടിച്ച മനുഷ്യനെ അവിടെ ആക്കി. കാൺമാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷവും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളപ്പിച്ചു. തോട്ടം നനപ്പാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അത് അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു. ഒന്നാമത്തേതിനു പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ട്. ആ ദേശത്തിലെ പൊന്ന് മേൽത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ട്. രണ്ടാം നദിക്കു ഗീഹോൻ എന്നു പേർ; അതു കൂശ്ദേശമൊക്കെയും ചുറ്റുന്നു. മൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേർ; അത് അശ്ശൂരിനു കിഴക്കോട്ട് ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു. യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻതോട്ടത്തിൽ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി.