ഉൽപത്തി 16:9-16
ഉൽപത്തി 16:9-16 MALOVBSI
യഹോവയുടെ ദൂതൻ അവളോട്: നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു. യഹോവയുടെ ദൂതൻ പിന്നെയും അവളോട്: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർധിപ്പിക്കും; അത് എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും. നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ട് അവനു യിശ്മായേൽ എന്നു പേർ വിളിക്കേണം; അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും; അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവനു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരേ പാർക്കും എന്ന് അരുളിച്ചെയ്തു. എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു. അതുകൊണ്ട് ആ കിണറ്റിനു ബേർ-ലഹയീ-രോയീ എന്നു പേരായി; അതു കാദേശിനും ബേരെദിനും മധ്യേ ഇരിക്കുന്നു. പിന്നെ ഹാഗാർ അബ്രാമിന് ഒരു മകനെ പ്രസവിച്ചു; ഹാഗാർ പ്രസവിച്ച തന്റെ മകന് അബ്രാം യിശ്മായേൽ എന്നു പേരിട്ടു. ഹാഗാർ അബ്രാമിനു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന് എൺപത്താറു വയസ്സായിരുന്നു.