YouVersion Logo
Search Icon

പുറപ്പാട് 5:1-9

പുറപ്പാട് 5:1-9 MALOVBSI

അതിന്റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോട്: മരുഭൂമിയിൽ എനിക്ക് ഉത്സവം കഴിക്കേണ്ടതിന് എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു. അതിനു ഫറവോൻ: യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്ക് കേൾക്കേണ്ടതിന് അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയയ്ക്കയും ഇല്ല എന്നു പറഞ്ഞു. അതിന് അവർ: എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷനായി വന്നിരിക്കുന്നു; അവൻ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിനു ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗം കഴിക്കട്ടെ എന്നു പറഞ്ഞു. മിസ്രയീംരാജാവ് അവരോട്: മോശേ, അഹരോനേ, നിങ്ങൾ ജനങ്ങളെ വേല മിനക്കെടുത്തുന്നത് എന്ത്? നിങ്ങളുടെ ഊഴിയവേലയ്ക്കു പോകുവിൻ എന്നു പറഞ്ഞു. ദേശത്തു ജനം ഇപ്പോൾ വളരെ ആകുന്നു; നിങ്ങൾ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു എന്നും ഫറവോൻ പറഞ്ഞു. അന്നു ഫറവോൻ ജനത്തിന്റെ ഊഴിയവിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചത് എന്തെന്നാൽ: ഇഷ്ടക ഉണ്ടാക്കുവാൻ ജനത്തിനു മുമ്പിലത്തെപ്പോലെ ഇനി വയ്ക്കോൽ കൊടുക്കരുത്; അവർ തന്നെ പോയി വയ്ക്കോൽ ശേഖരിക്കട്ടെ. എങ്കിലും ഇഷ്ടകയുടെ കണക്കു മുമ്പിലത്തെപ്പോലെതന്നെ അവരുടെമേൽ ചുമത്തേണം; ഒട്ടും കുറയ്ക്കരുത്. അവർ മടിയന്മാർ; അതുകൊണ്ടാകുന്നു: ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിനു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നത്. അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവർ അതിൽ കഷ്ടപ്പെടട്ടെ; അവർ വ്യാജവാക്കുകൾ കേൾക്കരുത്.