YouVersion Logo
Search Icon

പുറപ്പാട് 28:1-8

പുറപ്പാട് 28:1-8 MALOVBSI

നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് യിസ്രായേൽമക്കളുടെ ഇടയിൽനിന്നു നിന്റെ അടുക്കൽ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും തന്നെ. നിന്റെ സഹോദരനായ അഹരോനുവേണ്ടി മഹത്ത്വത്തിനും അലങ്കാരത്തിനുമായി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം. അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാൻ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന് അവനു വസ്ത്രം ഉണ്ടാക്കേണമെന്നു ഞാൻ ജ്ഞാനാത്മാവുകൊണ്ടു നിറച്ചിരിക്കുന്ന സകല ജ്ഞാനികളോടും നീ പറയേണം. അവർ ഉണ്ടാക്കേണ്ടുന്ന വസ്ത്രമോ: പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ട് എന്നിവതന്നെ. നിന്റെ സഹോദരനായ അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവർ അവനും അവന്റെ പുത്രന്മാർക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കേണം. അതിന് പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ എടുക്കേണം. പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം. അതിന്റെ രണ്ട് അറ്റത്തോടു ചേർന്നതായി രണ്ടു ചുമൽക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മിൽ ഇണച്ചിരിക്കേണം. അതു കെട്ടിമുറുക്കുവാൻ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ട് അതിൽനിന്നുതന്നെ അതിന്റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരിക്കേണം.