പുറപ്പാട് 12:5-13
പുറപ്പാട് 12:5-13 MALOVBSI
ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം. ഈ മാസം പതിന്നാലാം തീയതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്ത് അതിനെ അറുക്കേണം. അതിന്റെ രക്തം കുറെ എടുത്ത് തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം. അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കയ്പുചീരയോടുകൂടെ അതു തിന്നേണം. തലയും കാലും അന്തർഭാഗങ്ങളുമായി തീയിൽ ചുട്ടിട്ടല്ലാതെ പച്ചയായിട്ടോ വെള്ളത്തിൽ പുഴുങ്ങിയതായിട്ടോ തിന്നരുത്. പിറ്റന്നാൾ കാലത്തേക്ക് അതിൽ ഒട്ടും ശേഷിപ്പിക്കരുത്; പിറ്റന്നാൾ കാലത്തേക്കു ശേഷിക്കുന്നതു നിങ്ങൾ തീയിലിട്ടു ചുട്ടുകളയേണം. അരകെട്ടിയും കാലിനു ചെരുപ്പിട്ടും കൈയിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു. ഈ രാത്രിയിൽ ഞാൻ മിസ്രയീംദേശത്തുകൂടെ കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയൊക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു. നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നുപോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായിത്തീരുകയില്ല.