സഭാപ്രസംഗി 2:17-26
സഭാപ്രസംഗി 2:17-26 MALOVBSI
അങ്ങനെ സൂര്യനു കീഴെ നടക്കുന്ന കാര്യം എനിക്ക് അനിഷ്ടമായതുകൊണ്ട് ഞാൻ ജീവനെ വെറുത്തു; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ. സൂര്യനു കീഴെ ഞാൻ പ്രയത്നിച്ച പ്രയത്നമൊക്കെയും ഞാൻ വെറുത്തു; എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യന് ഞാൻ അതു വച്ചേക്കേണ്ടിവരുമല്ലോ. അവൻ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആർക്കറിയാം? എന്തായാലും ഞാൻ സൂര്യനു കീഴെ പ്രയത്നിച്ചതും ജ്ഞാനം വിളങ്ങിച്ചതും ആയ സകല പ്രയത്നഫലത്തിന്മേലും അവൻ അധികാരം പ്രാപിക്കും. അതും മായയത്രേ. ആകയാൽ സൂര്യനു കീഴെ പ്രയത്നിച്ച സർവപ്രയത്നത്തെക്കുറിച്ചും ഞാൻ എന്റെ ഹൃദയത്തെ നിരാശപ്പെടുത്തുവാൻ തുടങ്ങി. ഒരുത്തൻ ജ്ഞാനത്തോടും അറിവോടും സാമർഥ്യത്തോടുംകൂടെ പ്രയത്നിക്കുന്നു; എങ്കിലും അതിൽ പ്രയത്നിക്കാത്ത ഒരുത്തന് അവൻ അതിനെ അവകാശമായി വച്ചേക്കേണ്ടിവരുന്നു; അതും മായയും വലിയ തിന്മയും അത്രേ. സൂര്യനു കീഴെ പ്രയത്നിക്കുന്ന സകല പ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന് എന്തു ഫലം? അവന്റെ നാളുകളൊക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാട് വ്യസനകരവും അല്ലോ; രാത്രിയിലും അവന്റെ ഹൃദയത്തിനു സ്വസ്ഥതയില്ല; അതും മായ അത്രേ. തിന്നു കുടിച്ച് തന്റെ പ്രയത്നത്താൽ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന് മറ്റൊരു നന്മയുമില്ല; അതും ദൈവത്തിന്റെ കൈയിൽനിന്നുള്ളത് എന്നു ഞാൻ കണ്ടു. അവൻ നല്കീട്ടല്ലാതെ ആർ ഭക്ഷിക്കും; ആർ അനുഭവിക്കും? തനിക്കു പ്രസാദമുള്ള മനുഷ്യന് അവൻ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു; പാപിക്കോ ദൈവം തനിക്കു പ്രസാദമുള്ളവന് അനുഭവമാകുവാൻ തക്കവണ്ണം ധനം സമ്പാദിക്കയും സ്വരൂപിക്കയും ചെയ്‍വാനുള്ള കഷ്ടപ്പാടു കൊടുക്കുന്നു. അതും മായയും വൃഥാപ്രയത്നവും അത്രേ.