ആവർത്തനപുസ്തകം 5:1-11
ആവർത്തനപുസ്തകം 5:1-11 MALOVBSI
മോശെ എല്ലാ യിസ്രായേലിനോടും വിളിച്ചുപറഞ്ഞത് എന്തെന്നാൽ: യിസ്രായേലേ, ഞാൻ ഇന്നു നിങ്ങളെ കേൾപ്പിക്കുന്ന ചട്ടങ്ങളും വിധികളും കേൾപ്പിൻ; അവയെ പഠിക്കയും പ്രമാണിച്ചനുസരിക്കയും ചെയ്‍വിൻ. നമ്മുടെ ദൈവമായ യഹോവ ഹോറേബിൽവച്ചു നമ്മോടൊരു നിയമം ചെയ്തുവല്ലോ. ഈ നിയമം യഹോവ നമ്മുടെ പിതാക്കന്മാരോടല്ല, നമ്മോട്, ഇന്ന് ഇവിടെ ജീവനോടിരിക്കുന്ന നമ്മോടൊക്കെയും തന്നെ ചെയ്തത്. യഹോവ പർവതത്തിൽ തീയുടെ നടുവിൽനിന്നു നിങ്ങളോട് അഭിമുഖമായി അരുളിച്ചെയ്തു. തീ ഹേതുവായി നിങ്ങൾ ഭയപ്പെട്ടു പർവതത്തിൽ കയറാഞ്ഞതുകൊണ്ടു യഹോവയുടെ വചനം നിങ്ങളോട് അറിയിക്കേണ്ടതിനു ഞാൻ അക്കാലത്തു യഹോവയ്ക്കും നിങ്ങൾക്കും മധ്യേ നിന്നു. അവൻ കല്പിച്ചത് എന്തെന്നാൽ: അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്. വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുത്. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്; നിന്റെ ദൈവമായ യഹോവ എന്ന ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകയ്ക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ച് എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ ദയ കാണിക്കയും ചെയ്യുന്നു. നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.