YouVersion Logo
Search Icon

ദാനീയേൽ 6:1-10

ദാനീയേൽ 6:1-10 MALOVBSI

രാജ്യമൊക്കെയും ഭരിക്കേണ്ടതിനു രാജ്യത്തിന്മേൽ നൂറ്റിരുപതു പ്രധാന ദേശാധിപതികളെയും അവരുടെമേൽ മൂന്ന് അധ്യക്ഷന്മാരെയും നിയമിപ്പാൻ ദാര്യാവേശിന് ഇഷ്ടം തോന്നി; ഈ മൂവരിൽ ദാനീയേൽ ഒരുവനായിരുന്നു. രാജാവിനു നഷ്ടം വരാതിരിക്കേണ്ടതിനു പ്രധാനദേശാധിപതികൾ ഇവർക്കു കണക്ക് ബോധിപ്പിക്കേണ്ടതായിരുന്നു. എന്നാൽ ദാനീയേൽ ഉൽക്കൃഷ്ടമാനസനായിരുന്നതുകൊണ്ട് അവൻ അധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായി വിളങ്ങി; രാജാവ് അവനെ സർവരാജ്യത്തിനും അധികാരിയാക്കുവാൻ വിചാരിച്ചു. ആകയാൽ അധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്ധിച്ച് ദാനീയേലിനു വിരോധമായി കാരണം കണ്ടെത്തുവാൻ അന്വേഷിച്ചു; എന്നാൽ യാതൊരു കാരണവും കുറ്റവും കണ്ടെത്തുവാൻ അവർക്കു കഴിഞ്ഞില്ല; അവൻ വിശ്വസ്തനായിരുന്നതുകൊണ്ട് ഒരു തെറ്റും കുറ്റവും അവനിൽ കണ്ടെത്തിയില്ല. അപ്പോൾ ആ പുരുഷന്മാർ: നാം ഈ ദാനീയേലിന്റെ നേരേ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചുള്ളതല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല എന്നു പറഞ്ഞു. അങ്ങനെ അധ്യക്ഷന്മാരും പ്രധാനദേശാധിപന്മാരും രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്ന് ഉണർത്തിച്ചതെന്തെന്നാൽ: ദാര്യാവേശ് രാജാവ് ദീർഘായുസ്സായിരിക്കട്ടെ. രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കയും ഖണ്ഡിതമായൊരു വിരോധം കല്പിക്കയും ചെയ്യേണമെന്നു രാജ്യത്തിലെ സകല അധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാനദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലോചിച്ചിരിക്കുന്നു. ആകയാൽ രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കംവരാത്ത നിയമപ്രകാരം മാറ്റം വരാതവണ്ണം ആ വിരോധകല്പന ഉറപ്പിച്ച് രേഖ എഴുതിക്കേണമേ. അങ്ങനെ ദാര്യാവേശ് രാജാവ് രേഖയും വിരോധകല്പനയും എഴുതിച്ചു. എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു,- അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിനു നേരേ തുറന്നിരുന്നു- താൻ മുമ്പേ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർഥിച്ച് സ്തോത്രം ചെയ്തു.

Free Reading Plans and Devotionals related to ദാനീയേൽ 6:1-10