ആമോസ് 7:10-17
ആമോസ് 7:10-17 MALOVBSI
എന്നാൽ ബേഥേലിലെ പുരോഹിതനായ അമസ്യാവ് യിസ്രായേൽരാജാവായ യൊരോബെയാമിന്റെ അടുക്കൽ ആളയച്ചു: ആമോസ് യിസ്രായേൽഗൃഹത്തിന്റെ മധ്യേ നിനക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്റെ വാക്ക് ഒക്കെയും സഹിപ്പാൻ ദേശത്തിനു കഴിവില്ല. യൊരോബെയാം വാൾകൊണ്ടു മരിക്കും; യിസ്രായേൽ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവരും എന്നിങ്ങനെ ആമോസ് പറയുന്നു എന്നു പറയിച്ചു. എന്നാൽ ആമോസിനോട് അമസ്യാവ്: എടോ ദർശകാ, യെഹൂദാദേശത്തിലേക്ക് ഓടിപ്പൊയ്ക്കൊൾക; അവിടെ പ്രവചിച്ച് അഹോവൃത്തി കഴിച്ചുകൊൾക. ബേഥേലിലോ ഇനി പ്രവചിക്കരുത്; അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ എന്നു പറഞ്ഞു. അതിന് ആമോസ് അമസ്യാവോട്: ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ. ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്ന് എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു എന്ന് ഉത്തരം പറഞ്ഞു. ആകയാൽ നീ യഹോവയുടെ വചനം കേൾക്ക: യിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുത്; യിസ്ഹാക്ഗൃഹത്തിനു നിന്റെ വചനം പൊഴിക്കരുത് എന്നു നീ പറയുന്നുവല്ലോ. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവുനൂൽകൊണ്ട് വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവച്ചു മരിക്കും; യിസ്രായേൽ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവരും.