YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 7:1-21

അപ്പൊ. പ്രവൃത്തികൾ 7:1-21 MALOVBSI

ഇത് ഉള്ളതു തന്നെയോ എന്നു മഹാപുരോഹിതൻ ചോദിച്ചതിന് അവൻ പറഞ്ഞത്: സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു പാർക്കുംമുമ്പേ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾതന്നെ, തേജോമയനായ ദൈവം അവനു പ്രത്യക്ഷനായി: നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ട് ഞാൻ നിനക്കു കാണിച്ചുതരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദയരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു. അവന്റെ അപ്പൻ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു. അവന് അതിൽ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന് സന്തതിയില്ലാതിരിക്കെ അവനും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നല്കുമെന്ന് അവനോടു വാഗ്ദത്തം ചെയ്തു. അവന്റെ സന്തതി അന്യദേശത്തു ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്‍സരം പീഡിപ്പിക്കും എന്നു ദൈവം കല്പിച്ചു. അവർ സേവിക്കുന്ന ജാതിയെ ഞാൻ ന്യായം വിധിക്കും; അതിന്റെ ശേഷം അവർ പുറപ്പെട്ടുവന്ന് ഈ സ്ഥലത്ത് എന്നെ സേവിക്കും എന്ന് ദൈവം അരുളിച്ചെയ്തു. പിന്നെ അവനു പരിച്ഛേദന എന്ന നിയമം കൊടുത്തു; അങ്ങനെ അവൻ യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാംനാൾ പരിച്ഛേദന ചെയ്തു. യിസ്ഹാക് യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു. ഗോത്രപിതാക്കന്മാർ യോസേഫിനോട് അസൂയപ്പെട്ട് അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു. എന്നാൽ ദൈവം അവനോടുകൂടെ ഇരുന്നു സകല സങ്കടങ്ങളിൽനിന്നും അവനെ വിടുവിച്ച് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവനു കൃപയും ജ്ഞാനവും കൊടുത്തു: അവൻ അവനെ മിസ്രയീമിനും തന്റെ സർവഗൃഹത്തിനും അധിപതിയാക്കി വച്ചു. മിസ്രയീംദേശത്തിലും കനാനിലും എല്ലാം ക്ഷാമവും മഹാകഷ്ടവും വന്നാറെ നമ്മുടെ പിതാക്കന്മാർക്ക് ആഹാരം കിട്ടാതെയായി. മിസ്രയീമിൽ ധാന്യം ഉണ്ട് എന്നു കേട്ടിട്ട് യാക്കോബ് നമ്മുടെ പിതാക്കന്മാരെ ഒന്നാം പ്രാവശ്യം അയച്ചു. രണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാരോടു തന്നെത്താൻ അറിയിച്ചു യോസേഫിന്റെ വംശം ഫറവോനു വെളിവായ്‍വന്നു. യോസേഫ് ആളയച്ചു തന്റെ പിതാവായ യാക്കോബിനെയും കുടുംബത്തെയൊക്കെയും വരുത്തി; അവർ ആകെ എഴുപത്തഞ്ചു പേരായിരുന്നു. യാക്കോബ് മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു. അവരെ ശെഖേമിൽ കൊണ്ടുവന്ന് ശെഖേമിൽ എമ്മോരിന്റെ മക്കളോട് അബ്രാഹാം വില കൊടുത്തു വാങ്ങിയ കല്ലറയിൽ അടക്കം ചെയ്തു. ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്ത വാഗ്ദത്തകാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ വർധിച്ചു പെരുകി. ഒടുവിൽ യോസേഫിനെ അറിയാത്ത വേറൊരു രാജാവ് മിസ്രയീമിൽ വാണു. അവൻ നമ്മുടെ വംശത്തോട് ഉപായം പ്രയോഗിച്ചു നമ്മുടെ പിതാക്കന്മാരെ പീഡിപ്പിച്ചു, അവരുടെ ശിശുക്കൾ ജീവനോടെ ഇരിക്കരുത് എന്നുവച്ച് അവരെ പുറത്തിടുവിച്ചു. ആ കാലത്ത് മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടിൽ പോറ്റി. പിന്നെ അവനെ പുറത്തിട്ടപ്പോൾ ഫറവോന്റെ മകൾ അവനെ എടുത്തു തന്റെ മകനായി വളർത്തി.