അപ്പൊ. പ്രവൃത്തികൾ 4:1-22
അപ്പൊ. പ്രവൃത്തികൾ 4:1-22 MALOVBSI
അവർ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും അവരുടെ നേരേ വന്നു, അവർ ജനത്തെ ഉപദേശിക്കയാലും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താൽ അറിയിക്കയാലും നീരസപ്പെട്ടു. അവരെ പിടിച്ചു വൈകുന്നേരം ആകകൊണ്ട് പിറ്റന്നാൾവരെ കാവലിലാക്കി. എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നെ അയ്യായിരത്തോളം ആയി. പിറ്റന്നാൾ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി; മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവരൊക്കെയും ഉണ്ടായിരുന്നു. ഇവർ അവരെ നടുവിൽ നിറുത്തി: ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു എന്നു ചോദിച്ചു. പത്രൊസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി അവരോട് പറഞ്ഞത്: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ, ഈ ബലഹീനമനുഷ്യന് ഉണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൗഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽതന്നെ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽജനമൊക്കെയും അറിഞ്ഞുകൊൾവിൻ. വീടു പണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ട് കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ല് ഇവൻതന്നെ. മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻകീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു. സൗഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നത് കണ്ടതുകൊണ്ട് അവർക്ക് എതിർപറവാൻ വകയില്ലായിരുന്നു. അവരോട് ന്യായാധിപസംഘത്തിൽനിന്നു പുറത്തുപോകുവാൻ കല്പിച്ചിട്ട് അവർ തമ്മിൽ ആലോചിച്ചു: ഈ മനുഷ്യരെ എന്തു ചെയ്യേണ്ടൂ? പ്രത്യക്ഷമായൊരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല. എങ്കിലും അത് ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്നു നാം അവരെ തർജനം ചെയ്യേണം എന്നു പറഞ്ഞു. പിന്നെ അവരെ വിളിച്ചിട്ട്: യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുത്, ഉപദേശിക്കയും അരുത് എന്നു കല്പിച്ചു. അതിന് പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ. ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നത് പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല എന്ന് ഉത്തരം പറഞ്ഞു. എന്നാൽ ഈ സംഭവിച്ച കാര്യംകൊണ്ട് എല്ലാവരും ദൈവത്തെ മഹത്ത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിനു ജനം നിമിത്തം വഴി ഒന്നും കാണായ്കകൊണ്ട് അവർ പിന്നെയും തർജനം ചെയ്ത് അവരെ വിട്ടയച്ചു. ഈ അദ്ഭുതത്താൽ സൗഖ്യം പ്രാപിച്ച മനുഷ്യൻ നാല്പതിൽ അധികം വയസ്സുള്ളവനായിരുന്നു.