YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 2:22-47

അപ്പൊ. പ്രവൃത്തികൾ 2:22-47 MALOVBSI

യിസ്രായേൽപുരുഷന്മാരേ, ഈ വചനം കേട്ടുകൊൾവിൻ. നിങ്ങൾതന്നെ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അദ്ഭുതങ്ങളും അടയാളങ്ങളുംകൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചുതന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ട്, നിങ്ങൾ അവനെ അധർമികളുടെ കൈയാൽ തറപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവയ്ക്കുന്നത് അസാധ്യമായിരുന്നു. “ഞാൻ കർത്താവിനെ എപ്പോഴും എന്റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്റെ വലത്തു ഭാഗത്ത് ഇരിക്കയാൽ ഞാൻ കുലുങ്ങിപ്പോകയില്ല. അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു, എന്റെ നാവ് ആനന്ദിച്ചു, എന്റെ ജഡവും പ്രത്യാശയോടെ വസിക്കും. നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാൺമാൻ സമ്മതിക്കയുമില്ല. നീ ജീവമാർഗങ്ങളെ എന്നോട് അറിയിച്ചു; നിന്റെ സന്നിധിയിൽ എന്നെ സന്തോഷപൂർണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ. സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ച് അടക്കപ്പെട്ടു എന്ന് എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ. എന്നാൽ അവൻ പ്രവാചകൻ ആകയാൽ ദൈവം അവന്റെ കടിപ്രദേശത്തിന്റെ ഫലത്തിൽനിന്ന് ഒരുത്തനെ അവന്റെ സിംഹാസനത്തിൽ ഇരുത്തും എന്ന് തന്നോടു സത്യംചെയ്ത് ഉറപ്പിച്ചു എന്ന് അറിഞ്ഞിട്ട്: അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല; അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു; അതിനു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു. അവൻ ദൈവത്തിന്റെ വലഭാഗത്തേക്ക് ആരോഹണം ചെയ്തു പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു. ദാവീദ് സ്വർഗാരോഹണം ചെയ്തില്ലല്ലോ. എന്നാൽ അവൻ: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഇരിക്ക എന്നു കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു” എന്നു പറയുന്നു. ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവച്ചു എന്നു യിസ്രായേൽഗൃഹമൊക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ. ഇതു കേട്ടിട്ട് അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചു. പത്രൊസ് അവരോട്: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും. വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു. മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യംപറഞ്ഞ് അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു. അവന്റെ വാക്ക് കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർഥന കഴിച്ചും പോന്നു. എല്ലാവർക്കും ഭയമായി; അപ്പൊസ്തലന്മാരാൽ ഏറിയ അദ്ഭുതങ്ങളും അടയാളങ്ങളും നടന്നു. വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്ന് സകലവും പൊതുവക എന്ന് എണ്ണുകയും ജന്മഭൂമികളും വസ്തുക്കളും വിറ്റ് അവനവന് ആവശ്യം ഉള്ളതുപോലെ എല്ലാവർക്കും പങ്കിടുകയും, ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പംനുറുക്കിക്കൊണ്ട് ഉല്ലാസവും ഹൃദയപരമാർഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.

Video for അപ്പൊ. പ്രവൃത്തികൾ 2:22-47