അപ്പൊ. പ്രവൃത്തികൾ 2:1-21
അപ്പൊ. പ്രവൃത്തികൾ 2:1-21 MALOVBSI
പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെമേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി. അന്ന് ആകാശത്തിൻകീഴുള്ള സകല ജാതികളിൽനിന്നും യെരൂശലേമിൽ വന്നുപാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു. ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നുകൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നത് കേട്ട് അമ്പരന്നുപോയി. എല്ലാവരും ഭ്രമിച്ച് ആശ്ചര്യപ്പെട്ടു: ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ? പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്തഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നത് എങ്ങനെ? പർത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനയ്ക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽനിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു. എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു; ഇത് എന്തായിരിക്കും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. ഇവർ പുതുവീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലർ പരിഹസിച്ചുപറഞ്ഞു. അപ്പോൾ പത്രൊസ് പതിനൊന്നു പേരോടുകൂടെ നിന്നുകൊണ്ട് ഉറക്കെ അവരോട് പറഞ്ഞത്: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇത് നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്ക് ശ്രദ്ധിച്ചുകൊൾവിൻ. നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരിപിടിച്ചവരല്ല; പകൽ മൂന്നാം മണി നേരമേ ആയിട്ടുള്ളുവല്ലോ. ഇതു യോവേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ: “അന്ത്യകാലത്ത് ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും. ഞാൻ മീതെ ആകാശത്തിൽ അദ്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ. കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരും മുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു”.