അപ്പൊ. പ്രവൃത്തികൾ 19:21-41
അപ്പൊ. പ്രവൃത്തികൾ 19:21-41 MALOVBSI
ഇതു കഴിഞ്ഞിട്ടു പൗലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്നു യെരൂശലേമിലേക്കും പോകേണം എന്നു മനസ്സിൽ നിശ്ചയിച്ചു: ഞാൻ അവിടെ ചെന്നശേഷം റോമയും കാണേണം എന്നു പറഞ്ഞു. തനിക്കു ശുശ്രൂഷ ചെയ്യുന്നവരിൽ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടു പേരെ മക്കെദോന്യയിലേക്ക് അയച്ചിട്ടു താൻ കുറെക്കാലം ആസ്യയിൽ താമസിച്ചു. ആ കാലത്ത് ഈ മാർഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി. വെള്ളികൊണ്ട് അർത്തെമിസ്ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീർക്കുന്ന ദെമേത്രിയൊസ് എന്ന തട്ടാൻ തൊഴിൽക്കാർക്കു വളരെ ലാഭം വരുത്തിവന്നു. അവൻ അവരെയും ആ വകയിൽ ഉൾപ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴിൽകൊണ്ട് ആകുന്നു എന്ന് നിങ്ങൾക്കു ബോധ്യമല്ലോ. എന്നാൽ ഈ പൗലൊസ് എന്നവൻ കൈയാൽ തീർത്തതു ദേവന്മാർ അല്ല എന്ന് പറഞ്ഞുകൊണ്ട് എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിലൊക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്ന് നിങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ. അതിനാൽ നമ്മുടെ ഈ കാര്യം ആക്ഷേപത്തിൽ ആകുവാൻ അടുത്തിരിക്കുന്നതുമല്ലാതെ അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യ മുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും എന്നു പറഞ്ഞു. അവർ ഇതു കേട്ട് ക്രോധം നിറഞ്ഞവരായി: എഫെസ്യരുടെ അർത്തെമിസ് മഹാദേവി എന്ന് ആർത്തു. പട്ടണം മുഴുവനും കലഹംകൊണ്ടു നിറഞ്ഞു, അവർ പൗലൊസിന്റെ കൂട്ടു യാത്രക്കാരായ ഗായൊസ്, അരിസ്തർഹൊസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്ക് ഒരുമനപ്പെട്ടു പാഞ്ഞുചെന്നു. പൗലൊസ് ജനസമൂഹത്തിൽ ചെല്ലുവാൻ ഭാവിച്ചാറെ ശിഷ്യന്മാർ അവനെ വിട്ടില്ല. ആസ്യാധിപന്മാരിൽ ചിലർ അവന്റെ സ്നേഹിതന്മാർ ആകയാൽ: രംഗസ്ഥലത്തു ചെന്നുപോകരുത് എന്ന് അവരും അവന്റെ അടുക്കൽ ആളയച്ച് അപേക്ഷിച്ചു. ജനസംഘം കലക്കത്തിലായി മിക്കപേരും തങ്ങൾ വന്നുകൂടിയ സംഗതി എന്തെന്ന് അറിയായ്കയാൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആർത്തു. യെഹൂദന്മാർ മുമ്പോട്ട് ഉന്തിക്കൊണ്ടുവന്ന അലെക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലെക്സന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാൻ ഭാവിച്ചു. എന്നാൽ അവൻ യെഹൂദൻ എന്ന് അറിഞ്ഞപ്പോൾ: എഫെസ്യരുടെ അർത്തെമിസ് മഹാദേവി എന്ന് എല്ലാവരും കൂടി രണ്ടു മണി നേരത്തോളം ഏകശബ്ദത്തോടെ ആർത്തുകൊണ്ടിരുന്നു. പിന്നെ പട്ടണമേനവൻ പുരുഷാരത്തെ അമർത്തി പറഞ്ഞത്: എഫെസ്യപുരുഷന്മാരേ, എഫെസൊസ്പട്ടണം അർത്തെമിസ് മഹാദേവിക്കും ദ്യോവിൽനിന്നു വീണ ബിംബത്തിനും ക്ഷേത്രപാലക എന്ന് അറിയാത്ത മനുഷ്യൻ ആർ? ഇത് എതിർമൊഴിയില്ലാത്തതാകയാൽ നിങ്ങൾ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാർക്കേണ്ടതാകുന്നു. ഈ പുരുഷന്മാരെ നിങ്ങൾ കൂട്ടിക്കൊണ്ടുവന്നുവല്ലോ; അവർ ക്ഷേത്രം കവർച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല. എന്നാൽ ദെമേത്രിയൊസിനും കൂടെയുള്ള തൊഴിൽക്കാർക്കും വല്ലവന്റെയും നേരേ ഒരു സംഗതി ഉണ്ടെങ്കിൽ വിസ്താരദിവസങ്ങൾ വച്ചിട്ടുണ്ട്, ദേശാധിപതികളും ഉണ്ട്; തമ്മിൽ വ്യവഹരിക്കട്ടെ. വേറേ കാര്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധർമസഭയിൽ തീർക്കാമല്ലോ. ഇന്നത്തെ കലഹത്തിനു കാരണമില്ലായ്കയാൽ അതു നിമിത്തം നമ്മുടെ പേരിൽ കുറ്റം ചുമത്തുവാൻ ഇടയുണ്ട് സ്പഷ്ടം; ഈ ആൾക്കൂട്ടത്തിന് ഉത്തരം പറവാൻ നമുക്കു വക ഒന്നുമില്ലല്ലോ. ഇങ്ങനെ പറഞ്ഞ് അവൻ സഭയെ പിരിച്ചുവിട്ടു.