YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 16:1-21

അപ്പൊ. പ്രവൃത്തികൾ 16:1-21 MALOVBSI

അവൻ ദെർബ്ബയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു. അവന്റെ അപ്പൻ യവനനായിരുന്നു. അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു. അവൻ തന്നോടുകൂടെ പോരേണം എന്ന് പൗലൊസ് ഇച്ഛിച്ചു; അവന്റെ അപ്പൻ യവനൻ എന്ന് അവിടങ്ങളിലുള്ള യെഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ച് അവനെ പരിച്ഛേദന കഴിപ്പിച്ചു. അവർ പട്ടണംതോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും വിധിച്ച നിർണയങ്ങൾ പ്രമാണിക്കേണ്ടതിന് അവർക്ക് ഏല്പിച്ചുകൊടുത്തു. അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറയ്ക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും ചെയ്തു. അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലുംകൂടി സഞ്ചരിച്ചു, മുസ്യയിൽ എത്തി ബിഥുന്യയ്ക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല . അവർ മുസ്യ കടന്നു ത്രോവാസിൽ എത്തി. അവിടെവച്ചു പൗലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്ന് തന്നോട് അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു. ഈ ദർശനം കണ്ടിട്ട് അവരോടു സുവിശേഷം അറിയിപ്പാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്ന് നിശ്ചയിച്ചു, ഞങ്ങൾ ഉടനെ മക്കെദോന്യക്കു പുറപ്പെടുവാൻ ശ്രമിച്ചു. അങ്ങനെ ഞങ്ങൾ ത്രോവാസിൽനിന്നു കപ്പൽ നീക്കി നേരേ സമൊത്രാക്കെയിലേക്കും പിറ്റന്നാൾ നവപൊലിക്കും അവിടെനിന്നു ഫിലിപ്പിയിലേക്കും ചെന്നു. ഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാർ കുടിയേറിപ്പാർത്തതും ആകുന്നു. ആ പട്ടണത്തിൽ ഞങ്ങൾ ചില ദിവസം പാർത്തു. ശബ്ബത്തുനാളിൽ ഞങ്ങൾ ഗോപുരത്തിനു പുറത്തേക്കു പോയി അവിടെ പ്രാർഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങൾ വിചാരിച്ചു പുഴവക്കത്ത് ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു. തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയാ എന്നു പേരുള്ള ദൈവഭക്തയായൊരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൗലൊസ് സംസാരിച്ചത് ശ്രദ്ധിക്കേണ്ടതിനു കർത്താവ് അവളുടെ ഹൃദയം തുറന്നു. അവളും കുടുംബവും സ്നാനം ഏറ്റശേഷം: നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്ന് എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ എന്ന് അപേക്ഷിച്ചു ഞങ്ങളെ നിർബന്ധിച്ചു. ഞങ്ങൾ പ്രാർഥനാസ്ഥലത്തേക്കു ചെല്ലുമ്പോൾ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാർക്കു വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു. അവൾ പൗലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്നു: ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാർഗം നിങ്ങളോട് അറിയിക്കുന്നവർ എന്നു വിളിച്ചുപറഞ്ഞു. ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൗലൊസ് മുഷിഞ്ഞ് തിരിഞ്ഞുനോക്കി അവളിലുള്ള ഭൂതത്തോട്: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽതന്നെ അത് അവളെ വിട്ടുപോയി. അവളുടെ യജമാനന്മാർ തങ്ങളുടെ ലാഭത്തിന്റെ ആശ പൊയ്പോയത് കണ്ടിട്ട് പൗലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി അധിപതികളുടെ മുമ്പിൽ നിറുത്തി: യെഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തെ കലക്കി, റോമക്കാരായ നമുക്ക് അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു.