അപ്പൊ. പ്രവൃത്തികൾ 10:24-48
അപ്പൊ. പ്രവൃത്തികൾ 10:24-48 MALOVBSI
പിറ്റന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നേല്യൊസ് ചാർച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു. പത്രൊസ് അകത്തു കയറിയപ്പോൾ കൊർന്നേല്യൊസ് എതിരേറ്റ് അവന്റെ കാല്ക്കൽ വീണു നമസ്കരിച്ചു. പത്രൊസോ: എഴുന്നേല്ക്ക, ഞാനും ഒരു മനുഷ്യനത്രേ എന്നു പറഞ്ഞ് അവനെ എഴുന്നേല്പിച്ചു. അവനോടു സംഭാഷിച്ചുംകൊണ്ടു അകത്തു ചെന്നു, അനേകർ വന്നുകൂടിയിരിക്കുന്നതു കണ്ട് അവനോട്: അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദനു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്ന് പറയരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു. അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർപറയാതെ വന്നത്; എന്നാൽ എന്നെ വിളിപ്പിച്ച സംഗതി എന്ത് എന്ന് അറിഞ്ഞാൽ കൊള്ളാം എന്നു പറഞ്ഞു. അതിന് കൊർന്നേല്യൊസ്: നാലാകുന്നാൾ ഈ നേരത്തു ഞാൻ വീട്ടിൽ ഒമ്പതാം മണി നേരത്തെ പ്രാർഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശുഭ്രവസ്ത്രം ധരിച്ചൊരു പുരുഷൻ എന്റെ മുമ്പിൽ നിന്നു: കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർഥന കേട്ടു നിന്റെ ധർമം ഓർത്തിരിക്കുന്നു. യോപ്പയിലേക്ക് ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവൻ കടല്പുറത്തു തോല്ക്കൊല്ലനായ ശിമോന്റെ വീട്ടിൽ പാർക്കുന്നു എന്നു പറഞ്ഞു. ക്ഷണത്തിൽ ഞാൻ നിന്റെ അടുക്കൽ ആളയച്ചു: നീ വന്നത് ഉപകാരം. കർത്താവ് നിന്നോടു കല്പിച്ചതൊക്കെയും കേൾപ്പാൻ ഞങ്ങൾ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ പത്രൊസ് വായ് തുറന്നു പറഞ്ഞുതുടങ്ങിയത്: ദൈവത്തിനു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർഥമായി ഗ്രഹിക്കുന്നു. അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽമക്കൾക്ക് അയച്ച വചനം, യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയിൽതുടങ്ങി യെഹൂദ്യയിലൊക്കെയും ഉണ്ടായ വർത്തമാനം, നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ. യെഹൂദ്യദേശത്തിലും യെരൂശലേമിലും അവൻ ചെയ്ത സകലത്തിനും ഞങ്ങൾ സാക്ഷികൾ ആകുന്നു. അവനെ അവർ മരത്തിന്മേൽ തൂക്കിക്കൊന്നു; ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു, സകല ജനത്തിനുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങൾക്കുതന്നെ പ്രത്യക്ഷനാക്കിത്തന്നു. ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻതന്നെ എന്ന് ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോട് കല്പിച്ചു. അവനിൽ വിശ്വസിക്കുന്ന ഏവനും അവന്റെ നാമംമൂലം പാപമോചനം ലഭിക്കും എന്ന് സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾതന്നെ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്ത്വീകരിക്കുന്നതും കേൾക്കയാൽ പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവ് എന്ന ദാനം ജാതികളുടെമേലും പകർന്നതു കണ്ട് വിസ്മയിച്ചു. നമ്മെപ്പോലെ പരിശുദ്ധാത്മാവ് ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചുകൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്ന് അവർ അപേക്ഷിച്ചു.