YouVersion Logo
Search Icon

2 ശമൂവേൽ 9:1-10

2 ശമൂവേൽ 9:1-10 MALOVBSI

അനന്തരം ദാവീദ്: ഞാൻ യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിനു ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ എന്ന് അന്വേഷിച്ചു. എന്നാൽ ശൗലിന്റെ ഗൃഹത്തിൽ സീബ എന്നു പേരുള്ള ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവനെ ദാവീദിന്റെ അടുക്കൽ വിളിച്ചുവരുത്തി; രാജാവ് അവനോട്: നീ സീബയോ എന്നു ചോദിച്ചു. അടിയൻ എന്ന് അവൻ പറഞ്ഞു. ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിനു ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ എന്നു രാജാവ് ചോദിച്ചതിന്: രണ്ടു കാലും മുടന്തായിട്ട് യോനാഥാന്റെ ഒരു മകൻ ഉണ്ട് എന്നു സീബ രാജാവിനോടു പറഞ്ഞു. അവൻ എവിടെ എന്നു രാജാവ് ചോദിച്ചതിന്: ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ട് എന്നു സീബ രാജാവിനോടു പറഞ്ഞു. അപ്പോൾ ദാവീദുരാജാവ് ആളയച്ചു, ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽനിന്ന് അവനെ വരുത്തി. ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്: മെഫീബോശെത്തേ എന്നു വിളിച്ചതിന് അടിയൻ എന്ന് അവൻ പറഞ്ഞു. ദാവീദ് അവനോട്: ഭയപ്പെടേണ്ടാ; നിന്റെ അപ്പനായ യോനാഥാന്റെ നിമിത്തം ഞാൻ നിന്നോടു ദയ കാണിച്ചു നിന്റെ അപ്പനായ ശൗലിന്റെ നിലം ഒക്കെയും നിനക്കു മടക്കിത്തരുന്നു; നീയോ നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളേണം എന്നു പറഞ്ഞു. അവൻ നമസ്കരിച്ചുംകൊണ്ട്: ചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ നീ കടാക്ഷിപ്പാൻ അടിയൻ എന്തുള്ളൂ എന്നു പറഞ്ഞു. അപ്പോൾ രാജാവ് ശൗലിന്റെ ഭൃത്യനായ സീബയെ വിളിപ്പിച്ച് അവനോടു കല്പിച്ചത്: ശൗലിനും അവന്റെ സകല ഗൃഹത്തിനുമുള്ളതൊക്കെയും ഞാൻ നിന്റെ യജമാനന്റെ മകനു കൊടുത്തിരിക്കുന്നു. നീയും നിന്റെ പുത്രന്മാരും വേലക്കാരും നിന്റെ യജമാനന്റെ മകനു ഭക്ഷിപ്പാൻ ആഹാരമുണ്ടാകേണ്ടതിന് അവനുവേണ്ടി ആ നിലം കൃഷിചെയ്ത് അനുഭവം എടുക്കേണം; നിന്റെ യജമാനന്റെ മകനായ മെഫീബോശെത്ത് നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളും. എന്നാൽ സീബയ്ക്കു പതിനഞ്ചു പുത്രന്മാരും ഇരുപതു വേലക്കാരും ഉണ്ടായിരുന്നു.